
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നാല്പത്തിയേഴാമത് ചീഫ് സെക്രട്ടറിയായി ഡോ. വി.പി. ജോയിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 28ന് വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ജോയി കഴിഞ്ഞ മാസമാണ് സംസ്ഥാന സർവീസിലേക്ക് മടങ്ങിയെത്തിയത്. ഓഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയിൽ പ്രവർത്തിച്ചുവരികയാണ്. 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോയിക്ക് 2023 ജൂൺ വരെ സർവീസ് കാലാവധിയുണ്ട്. എറണാകുളം ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, തൊഴിൽ, വനം, ഗതാഗതം, നികുതി വകുപ്പുകളിൽ സെക്രട്ടറി, വൈദ്യുതിബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ 2013ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. എറണാകുളം കിങ്ങിണിമറ്റത്ത് വി.പി. പത്രോസിന്റെയും ഏലിയാമ്മയുടെയും മകനാണ്.ഭാര്യ : ഷീജ ജോയി. മക്കൾ: സച്ചിൻ ജോയി, ഷാരോൺ ജോയി