
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇപ്പോഴത്തെ കമ്മിഷണർ വി. ഭാസ്കരൻ മാർച്ച് 31ന് വിരമിച്ച ശേഷം ഷാജഹാൻ ചുമതലയേൽക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാകുന്ന രണ്ടാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഷാജഹാൻ.പൊതുവിദ്യാഭ്യാസത്തിന് പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക യുവജനക്ഷേമം എന്നീ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം,ലോട്ടറി,ഐ.ടി മിഷൻ, തുടങ്ങിയവയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൂന്ന് വർഷം കൊല്ലം ജില്ലാ കളക്ടറായിരുന്നു. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയായിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. പതിനേഴ് സംസ്ഥാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവർത്തിച്ചു.
തിരുവനന്തപുരം സ്വദേശിയായ ഷാജഹാൻ ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.ഭാര്യ എ.നജ്മ. മക്കൾ: എസ്. അനീസ്, ഡോ. സിബ, മരുമക്കൾ. ഡോ. ആൽഫ,ഡോ.ഹംഡി നിസാർ, തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന കമ്മിഷണറായി സാധാരണ ജില്ലാ ജഡ്ജി പദവിയിലുള്ളവരെയാണ് പരിഗണിക്കാറ്. 2006-11ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായ പി. കമാൽകുട്ടി മാത്രമായിരുന്നു ഈ പദവി വഹിച്ച ഏക ഐ.എ.എസുകാരൻ.