sss

തിരുവനന്തപുരം: മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സാനിറ്റൈസർ പുരട്ടിയ കൈകളുമായി ചലച്ചിത്ര പ്രേമികൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ സ്വാഗതം ചെയ്‌തു. ഒന്നിടവിട്ട സീറ്റുകളിൽ ജാഗ്രതയോടെ ഇരിപ്പുറപ്പിച്ച പ്രേക്ഷകർക്കു മുന്നിൽ ഇന്നലെ സിൽവർ ജൂബിലി തിളക്കത്തോടെ മേളയുടെ ചകോരം ചിറകടിച്ചെത്തി.

ഡിസംബറിലെ മേളയാണ് രണ്ടു മാസം വൈകി ഇന്നലെ നിശാഗന്ധിയിൽ 25 ജ്വാലകളുടെ വെളിച്ചത്തോടെ തുടക്കമായത്. ഉദ്ഘാടനം സന്ധ്യയോടെയാണ് നടന്നതെങ്കിലും രാവിലെ ഒമ്പതരോടെ തന്നെ അഞ്ച് സ്ക്രീനുകളിലും വെള്ളിവെളിച്ചം പടർന്നു. ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പതിനെട്ടെണ്ണം പ്രദർശിപ്പിച്ചു.

മത്സര വിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത 'ദി നെയിംസ് ഒഫ് ദി ഫ്ലവേഴ്‌സാ"ണ് പ്രദർശിപ്പിച്ചത്. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ 'ദിസ് ഈസ് നോട്ട് എ ബറിയൽ", ഇറ്റ്‌സ് എ റെസ്രക്ഷൻ, റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിംഗ്, ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്നീ മത്സരചിത്രങ്ങളും ഇന്നലെ പ്രദർശിപ്പിച്ചു.

ലോക സിനിമാ വിഭാഗത്തിൽ യെല്ലോ ക്യാറ്റ്, സമ്മർ ഒഫ് 85 എന്നിവയാണ് പ്രേക്ഷക ശ്രദ്ധ നേടിയ ലോക സിനിമാവിഭാഗത്തിലെ ചിത്രങ്ങൾ. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഒഫ് ദി കിംഗ്സ്, ഷൂജൻ വീയുടെ സ്‌ട്രൈഡിങ് ഇൻറ്റു ദി വിൻഡ്, നീഡിൽ പാർക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേൽ ചിത്രം ലൈല ഇൻ ഹൈഫ എന്നിവയും പ്രേക്ഷകർ ആസ്വദിച്ചു.

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കി?, റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്‌ഡോംങ് ചിത്രം ഒയാസിസ്,ഗൊദാർദ് ചിത്രം ബ്രെത്‌ലെസ് എന്നിവയും പ്രദർശിപ്പിച്ചു.

രാവിലെ മുതൽ കൊവിഡ് നെഗറ്റിവായ സർട്ടിഫിക്കറ്റുകളുമായാണ് ഡെലിഗേറ്റുകൾ പാസും ഫെസ്റ്റിവൽ ബുക്കും വാങ്ങാനെത്തിയത്. ഇന്നലേയും കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ടാഗോർ തീയേറ്റർ വളപ്പിൽ ചലച്ചിത്ര അക്കാഡമി ഒരുക്കിയിരുന്നു.