ajith

നാഗർകോവിൽ: കുളച്ചലിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അദ്ധ്യാപികയെ തടഞ്ഞുനിറുത്തി മാല കവർന്ന കേസിലെ പ്രതികൾ പൊലീസിന്റെ പിടിയിലായി. അസം സ്വദേശി രാജ് (26), തോവാള സ്വദേശി അജിത് (23) എന്നിവരെയാണ് കുളച്ചൽ എ.എസ്‌.പി വിശ്വേഷ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്‌തത്. കല്ലുകൂട്ടം ചേട്ടിവിള സ്വദേശി മോസസ് ചന്ദ്രയുടെ ഭാര്യ ജാസ്‌മിൻ ഷീബയുടെ ഒമ്പതുപവന്റെ മാലയാണ് പ്രതികൾ കവർന്നത്. ജനുവരി 26നായിരുന്നു സംഭവം. വീടിന് സമീപത്തുള്ള സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ജാസ്‌മിൻ തിങ്കൾനഗറിൽ പോയി തിരികെ വരുമ്പോൾ ബൈക്കിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിക്കുകയായിരുന്നു. പ്രതികളുടെ പേരിൽ മൂന്ന് മാല മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.