report

തിരുവനന്തപുരം: മരണക്കെണിയാവുന്ന ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കും. തമിഴ്നാട്, അസം, തെലങ്കാന, ഒഡിഷ,ആന്ധ്ര സംസ്ഥാനങ്ങളുടെ മാതൃകയിലാവും ഇത്. നിയമം വരുന്നതോടെ, ഗെയിമിംഗ് ആപ്പുകൾ ഇന്റർനെറ്റിൽ ലഭ്യമാവില്ല.

1960ലെ ഗെയിമിംഗ് ആക്ടിൽ പണം വച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഭാഗ്യത്തേക്കാൾ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും വേണ്ട ഗെയിമുകൾ,​ ചൂതാട്ടമല്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതുതന്നെയാണ് കമ്പനികളുടെയും നിലപാട്. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങളുടെ നിരോധനത്തിനെതിരെ കമ്പനികൾ കോടതിയെ സമീപിച്ചിരിക്കയാണ്.

കടംവാങ്ങിയും വിറ്റുപെറുക്കിയും ഗെയിമുകളിൽ പണമിറക്കുന്നതും കൊള്ളപ്പലിശയ്ക്ക് ആപ്പുകളിലൂടെ വായ്പ നൽകുന്നതും വർദ്ധിച്ചു വരികയാണ്. ആപ്പിലൂടെ വായ്പയെടുത്ത ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ വി.എച്ച് വിനീത് 25ലക്ഷം രൂപയുടെ കടം കയറി ആത്മഹത്യ ചെയ്തിരുന്നു.

 തമിഴ്നാട്ടിൽ 17 ആത്മഹത്യ
17പേ‌ർ ജീവനൊടുക്കിയതോടെയാണ് തമിഴ്നാട് ഓർഡിനൻസ് ഇറക്കിയത്. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000രൂപ പിഴയും ആറ് മാസം തടവും ചൂതാട്ടകേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000രൂപ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. സമ്മാനത്തുക ഇ-പേയ്മെന്റായി നൽകുന്നതും ശിക്ഷാർഹമാക്കി.

 മരണക്കളി

കമ്പനി നേരിട്ട് പണം ഈടാക്കില്ല. ഇ-വാലറ്റിൽ പണം വേണം. തോൽക്കുമ്പോൾ വാലറ്റിലെ പണം ചോർന്നുകൊണ്ടിരിക്കും. ക്രെഡിറ്റ് , ഡെബിറ്റ് കാർഡുപയോഗിച്ചാണ് പണമിടപാട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യയാണ് കമ്പനികൾ ഉപയോഗിക്കുക. ചെറിയ തുക നൽകി കളിതുടരാൻ പ്രേരിപ്പിക്കും. വായ്പയും നൽകും. ഒടുവിൽ വലിയ ദുരന്തമാവും.