
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ നെൽക്കൃഷിയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ വർദ്ധന. നെൽക്കൃഷിയുടെ വിസ്തൃതിയിൽ 2016-17 വർഷത്തിൽ നിന്നും 2019-20 ൽ എത്തുമ്പോൾ 1.92 ഹെക്ടറിൽ നിന്ന് 6.74 ഹെക്ടറിന്റെ വർദ്ധനവ് കാട്ടാക്കട മണ്ഡലത്തിൽ ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി കാർഷിക സ്വയം പര്യാപ്ത മണ്ഡലമെന്ന ലക്ഷ്യവുമായി ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം ജൈവസമൃദ്ധി പദ്ധതി നടപ്പിലാക്കിയിരുന്നു. കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ മണ്ഡലത്തിലെ നെൽകൃഷി വീണ്ടെടുക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തി. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക കർമ്മസേനകളുടെ നേതൃത്വത്തിൽ കൃഷി വ്യാപകമാക്കി. ഇതിന്റെയെല്ലാം ഫലമായാണ് മലയോര താലൂക്കിന്റെ നെല്ലറയായി കാട്ടാക്കട മണ്ഡലം മാറുന്നുവെന്ന കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. കൊറ്റംപള്ളി ഏലായിൽ ഇന്നലെ നടന്ന നെൽകൃഷി വിളവെടുപ്പിൽ പങ്കെടുത്തപ്പോഴാണ് എം.എൽ.എയുമായി ജീവനക്കാർ ഈ വിവരം പങ്കുവച്ചത്. വിളവെടുപ്പ് ഉത്സവത്തിൽ സ്ഥിതിവിവര കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ഉസ്മാൻ ഷെരിഫ് കൂരി, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനിഷ് കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രഘു ലാൽ ടി.എസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ, കൃഷി - സ്ഥിതിവിവര കണക്ക് വകുപ്പുകളിലെ ജില്ലാ - താലൂക്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്വയംപര്യാപ്ത കേരളം എന്ന സ്വപ്‌ന സാക്ഷാത്കരണത്തിന് ഉതകുന്നതാണെന്ന് എം.എൽ.എ അറിയിച്ചു.