saritha

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ, കെ.ടി.ഡി.സി എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് സരിതാ എസ്. നായർ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്. ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയാണ് സരിതയും കൂട്ടരും പണം വാങ്ങിയത്. ഇതിൽ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നാണ് കണ്ടെത്തൽ.

എന്നാൽ പൊലീസിൽ പരാതി നൽകാതെ, വിജിലൻസ് അന്വേഷിക്കണമെന്നാണ് ബിവറേജസ് കോർപറേഷൻ നിർദ്ദേശിച്ചത്. സ്റ്റോർ കീപ്പർ തസ്‌തികയിലെ നിയമന ഉത്തരവിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്‌തു. ബിവറേജസ് നിയമനങ്ങൾ പിഎസ്‌.സിക്കാണുള്ളത്. ബെവ്‌കോ ഡയറക്ടർ ബോർഡും താത്കാലിക നിയമനങ്ങൾക്ക് തീരുമാനമെടുക്കുകയോ ഉത്തരവിറക്കുകയോ ചെയ്‌തിട്ടില്ല.

സരിതയുടെ അക്കൗണ്ടിൽ ഉദ്യോഗാർത്ഥികൾ നൽകിയ പണത്തിന്റെ തെളിവുകൾ, ശബ്ദരേഖ തുടങ്ങിയവ തട്ടിപ്പിനിരയായവർ ഹാജരാക്കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. ഒന്നാംപ്രതി കുന്നത്തുകാലിലെ സി.പി.ഐ പഞ്ചായത്തംഗം രതീഷ് നാട്ടിലുണ്ടെങ്കിലും ചോദ്യംചെയ്യാനും തയ്യാറായിട്ടില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. സരിത അഭിഭാഷകനെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഉദ്യോഗാർത്ഥി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശബ്ദരേഖ പുറത്തുവിട്ട പരാതിക്കാരന് നേരെ വധഭീഷണിയുണ്ടെന്നും ആരോപണമുണ്ട്.

 ഫയലുകൾ ഡി.ഐ.ജി വിളിപ്പിച്ചു

സരിതയും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ ഫയലുകൾ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ വിളിപ്പിച്ചു. അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നതിനെത്തുടർന്നാണ് നടപടി. പണം തട്ടിയെന്ന ആരോപണം ശരിയാണെന്നും അറസ്റ്റിന് ആവശ്യമായ തെളിവുകളില്ലെന്നുമാണ് നെയ്യാറ്റിൻകര പൊലീസിന്റെ നിലപാട്. ഡിസംബർ 12നാണ് സരിതയെ കേസിൽ പ്രതിചേർത്തത്. രതീഷ്, പൊതുപ്രവർത്തകൻ ഷൈജു പാലിയോട് എന്നിവരാണ് കൂട്ടുപ്രതികൾ.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിയും സി.ഐയും എസ്.ഐയും സ്ഥലം മാറിപ്പോയതോടെ അന്വേഷണവും നിലച്ചു. സരിത പരാതിക്കാരൻ അരുണിനെയും കൂട്ടുപ്രതികളെയും പലതവണ വിളിച്ചതായി ഫോൺരേഖകളുണ്ട്. തിരുനെൽവേലിക്കടുത്ത് മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലാണ് അരുൺ പണം നിക്ഷേപിച്ചതെന്നും കണ്ടെത്തി. എ.ടി.എം മെഷീൻ വഴി പണം കൈമാറിയതിനാൽ അരുൺ തന്നെയാണോ നിക്ഷേപിച്ചതെന്ന് ഉറപ്പില്ലെന്നാണ് പൊലീസ് വാദം. അതേസമയം, പണം നിക്ഷേപിച്ച കൗണ്ടറിലെ സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്ന് അരുൺ ആവശ്യപ്പെട്ടു.