
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ എത്താനിടയുള്ളതിനാൽ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരമാവധി അജൻഡകളിൽ തീരുമാനമെടുക്കുന്നതിന് 15ന് മന്ത്രിസഭായോഗം ചേരും.
അജൻഡാ കുറിപ്പുകൾ സമർപ്പിക്കാനാഗ്രഹിക്കുന്ന സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ബന്ധപ്പെട്ട സെക്‌ഷനുകൾ ഇതിന്റെ ഭാഗമായി രണ്ടാം ശനിയായ 13നും ഞായറാഴ്ചയായ 14നും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സർക്കുലർ അയച്ചു. ബന്ധപ്പെട്ട സെക്‌ഷനുകളിലെ എല്ലാ ഉദ്യോഗസ്ഥരും രണ്ട് ദിവസങ്ങളിലും ഓഫീസിലെത്തണം.
15ലെ മന്ത്രിസഭായോഗം മുമ്പാകെ സമർപ്പിക്കാനുദ്ദേശിക്കുന്ന അജൻഡാ കുറിപ്പുകൾ 14ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി പൊതുഭരണ (എസ്.സി) വകുപ്പിന് കൈമാറണം.