a-vijayaragavan

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മൃദുഹിന്ദുത്വ സമീപനം കേരളത്തിലെ കോൺഗ്രസ് വിപുലീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ബി.ജെ.പിയോടുള്ള മൃദുസമീപനത്തിൽ നിന്നാണ് യു.ഡി.എഫിന്റെ പൊതുസമീപനം രൂപപ്പെടുത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പിയുടെ വർഗീയവത്കരണത്തോട് ശക്തമായി പ്രതികരിക്കാൻ രാഹുൽഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ കഴിയുന്നില്ല. രാജസ്ഥാനിലും ഗുജറാത്തിലും ക്ഷേത്രങ്ങളിൽ പൂജ നടത്തിയ ശേഷമാണ് രാഹുൽ പ്രചാരണം ആരംഭിച്ചത്. ഗംഗായാത്ര നടത്തിയാണ് പ്രിയങ്ക ഹിന്ദുത്വ ചിഹ്നം സ്വീകരിച്ചത്. കേരളത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരാരും ബി.ജെ.പിയെ എതിർക്കുന്നില്ല. എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താനാണ് ബി.ജെ.പിയുമായി സഹകരിക്കുന്നത്. ഇതിനെ തുറന്നു കാട്ടും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരള നിയമസഭയിൽ പ്രാതിനിദ്ധ്യമുണ്ടാക്കാൻ സഹായിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫിന് ജാമ്യത്തുക പോലും ലഭിക്കാത്തത് ബി.ജെ.പിക്ക് വോട്ട് കൊടുത്തതിനാലാണ്. ഇത് തദ്ദേശ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. സർക്കാരിനെ ദുർബലപ്പെടുത്താൻ യു.ഡി.എഫ് കളവ് പ്രചരിപ്പിക്കുന്നു. ഒരു വാഗ്ദാനവും ഒരിക്കലും നടപ്പാക്കാത്ത അവർ രണ്ട് കടലാസ് ഉയർത്തിക്കാട്ടി ബില്ലെന്ന് പ്രചരിപ്പിക്കുന്നു.

നിയമനവിവാദം : സമരത്തിൽ കോൺ. - ബി.ജെ.പി സഹകരണം

നിയമന സമരം കോൺഗ്രസും ബി.ജെ.പിയും സഹകരിച്ച് നടത്തുന്നതാണ്. കലാപം സൃഷ്ടിക്കാനുള്ള സമരമാണിത്. നിയമനകാര്യത്തിൽ സർക്കാർ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. റാങ്ക് പട്ടികക്കാർക്ക് കൈക്കൂലി കൊടുക്കാതെ ജോലി ലഭിക്കാൻ സൗകര്യമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. യു.ഡി.എഫ് കാലത്ത് റാങ്ക് പട്ടിക നീട്ടുകയും പണം ശേഖരിക്കുകയുമായിരുന്നു. സരിത എസ്. നായരുടെ നിയമനതട്ടിപ്പ് വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരോട് സർക്കാരിന് അനുഭാവം ഇല്ലെന്നായിരുന്നു മറുപടി. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാടിനെ പറ്റിയുള്ള ചോദ്യത്തിന് ആ നിലപാട് കണ്ടല്ലോ, അത് മതിയെന്നായിരുന്നു മറുപടി. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനോട് പ്രതികരിക്കാനില്ല. സി.പി.എം നിലപാട് വ്യക്തമാക്കിയതാണെന്നും വിജയരാഘവൻ പറഞ്ഞു.