c

പത്തനാപുരം : വന്യമൃഗങ്ങളെ വേട്ടയാടി വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ. കറവൂർ അനിൽ ഭവനിൽ അനിൽ ശർമ്മ (39), സന്ന്യാസിക്കോൺ നിഷാന്ത് വിലാസത്തിൽ കെ. ഷാജി (39), അഞ്ചൽ ഏറം സ്വദേശികളായ സരസ്വതി വിലാസത്തിൽ ജയകുമാർ (42), ഗോപി വിലാസത്തിൽ പ്രദീപ് (49) എന്നിവരാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലിമുക്ക് - കറവൂർ പാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് മൃഗങ്ങളുടെ ഇറച്ചിയുമായി സ്‌കൂട്ടറിലെത്തിയ പ്രതികൾ പിടിയിലായത്. തുടർന്ന് ഇവർ നടത്തുന്ന കറവൂർ ചണ്ണക്കാമണ്ണിലുളള ഫാം ഹൗസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് മ്ലാവിന്റെ അവശിഷ്ടങ്ങൾ, ലേസർ ഘടിപ്പിച്ച തോക്ക്, വെടിയുണ്ട, കരിമരുന്ന്, കത്തിയടക്കമുള്ള ആയുധങ്ങൾ, ഇറച്ചി തൂക്കി നൽകുന്ന ഇലട്രിക് ത്രാസ് എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വില്പന നടത്തിയ ഇറച്ചിയും കണ്ടെത്തി. ഇറച്ചി ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം വരുന്ന മുറയ്ക്ക് ഇവരെ പ്രതി ചേർക്കുമെന്നും പത്തനാപുരം റേഞ്ച് ഓഫീസർ ബി. ദിലീപ് പറഞ്ഞു. കൂടാതെ നാല് ദിവസം മുമ്പ് കടയ്ക്കാമണ്ണിൽ നിന്ന് മുള്ളൻ പന്നിയെ വെടിവെച്ച് കൊന്നതിന് ഇവർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയുടെ നിർദ്ദേശപ്രകാരം പിടികൂടിയ തോക്ക് തുടർ നടപടിക്കായി പത്തനാപുരം പൊലീസിന് കൈമാറും. മൃഗവേട്ടയ്ക്ക് പിന്നിൽ വൻ സംഘമാണന്നും പിടിയിലായവർ ചെറു കണ്ണികളാണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണൻ, പുനലൂർ ഡി.എഫ്.ഒ ത്യാഗരാജൻ, ഫോറസ്റ്റ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എസ്. അനീഷ്, പത്തനാപുരം റേഞ്ച് ഓഫീസർ ബി. ദിലീപ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ എ. നിസാം, കെ. സനിൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.