1

തിരുവനന്തപുരം: കരാർ നിയമനങ്ങളിൽ വിവാദം മുറുകുന്നതിനിടെ, ഒഴിവുകൾ പി.എസ്.സിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത നിയമനാധികാരികൾക്കെതിരെ കർശന നടപടിക്ക് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന കമ്മിറ്റി ഉറപ്പാക്കും. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്ന തീരുമാനം.സീനിയോറിറ്റി തർക്കമുള്ളതും, കോടതി റഗുലർ പ്രൊമോഷൻ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നൽകിയതുമായ കേസുകളിൽ താത്കാലിക പ്രൊമോഷൻ വഴിയുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ തടസ്സങ്ങൾ നീക്കനാണിത്. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രൊമോഷൻ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷൻ തസ്തികകൾ പി.എസ്.സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താത്കാലികമായി തരംതാഴ്ത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിക്കും. യോഗ്യരായ ഉദ്യോഗസ്ഥർ ലഭ്യമാകുന്ന മുറയ്ക്ക് ഡീകേഡർ നടപടി ഭേദഗതി ചെയ്യും.അതേസമയം, കരാർ ജോലിക്കാരെ സ്ഥിരപ്പെടുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്കിടെയും വിവിധ വകുപ്പുകളിലായി 410 തസ്തികകളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സാക്ഷരതാ മിഷനിൽ 74 പേരെയും ഹോർട്ടി കോർപിൽ 34 പേരെയും സ്ഥിരപ്പെടുത്തി. നിറുത്തലാക്കുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ പത്തു വർഷത്തിലധികമായി കരാർ ജോലിക്കാരായി തുടരുന്ന 300 വിദ്യാ വോളണ്ടിയർമാരെ സീനിയോറിറ്റി നോക്കി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിലുള്ളതോ ഭാവിയിൽ വരുന്നതോ ആയ ഒഴിവുകളിൽ നിയമിക്കും.

സാക്ഷരതാ മിഷനിൽ, 14 ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർമാർ, 36 അസിസ്റ്റന്റ് പ്രോജക്ട് കോ- ഓർഡിനേറ്റർമാർ, 20 ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവർ, രണ്ട് പ്യൂൺ എന്നിവർ ഉൾപ്പെടെ 10 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹോർട്ടികോർപ്പിൽ 36 താത്കാലികക്കാരെ ഹൈക്കോടതി വിധി പരിഗണിച്ച് സ്ഥിരപ്പെടുത്തും. സപ്ലൈകോയിൽ 206 അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികകൾ പുനഃസ്ഥാപിക്കും. നേരത്തെ മരവിപ്പിച്ച 412 തസ്തികകളിൽ ഉൾപ്പെടുന്നതാണിത്.

നിയമനങ്ങൾ ഒന്നര ലക്ഷം

 ഈ സർക്കാരിന്റെ കാലയളവിൽ പി.എസ്.സി വഴി 1,55,000 നിയമനങ്ങൾ നടത്തിയതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി

 പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കാൻ സർക്കാരിന് ചെയ്യാനാകുന്നത് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ്

 ഒഴിവുകളടെ അഞ്ചിരട്ടി പേരെയാണ് റാങ്ക് ലിസ്റ്റിൽ പി.എസ്.സി ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് 80 ശതമാനം പേർക്കും നിയമന സാദ്ധ്യത കുറവ്

 ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പത്തു ദിവസത്തിനകം മുൻഗണനാ ക്രമത്തിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും

 മേൽനോട്ടം ചീഫ് സെക്രട്ടറി, ധനകാര്യ അഡി. ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡി. ചീഫ് സെക്രട്ടറി എന്നിവ‌ർക്ക്