
തിരുവനന്തപുരം: കൊച്ചിയിൽ വാട്ടർ മെട്രോ (ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം) നടപ്പാക്കാൻ 1528 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം പുതുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ
മാനന്തവാടി ജില്ലാ ആശുപത്രിയെ തൽക്കാലം മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തി വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിക്കും. ജില്ലാ ആശുപത്രിക്ക് സമീപം നഴ്സിംഗ് വിദ്യാർത്ഥികൾക്കായി നിർമ്മിച്ച മൂന്നുനില കെട്ടിടം അദ്ധ്യനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം തസ്തികകൾ സൃഷ്ടിക്കും.
ആരാധനാലയങ്ങളുടെ നിർമ്മാണം
മത, ആരാധനാ മന്ദിരങ്ങൾ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ അനുമതി നൽകുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. ഇപ്പോൾ ജില്ലാ കലക്ടറുടെ അനുമതി വേണം.
അബ്കാരി നയം തുടരും
2020- 21 വർഷത്തെ അബ്കാരി നയം 2021 - 22 സാമ്പത്തിക വർഷവും തുടരാൻ തീരുമാനിച്ചു.
ദുരിതാശ്വാസം
കാട്ടാന ആക്രമിച്ച കണ്ണൂർ മുഴുക്കുന്ന് വട്ടപ്പൊയിൽ എം. വിനോദിന് ചികിത്സയ്ക്ക് ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
ബൈക്ക് റോഡിലെ കുഴിയിൽ വീണ് മരിച്ച് പി.എസ്. വിഷ്ണുവിന്റെ (എറണാകുളം പള്ളുരുത്തി സ്വദേശി) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിക്കും.
ശമ്പളം പരിഷ്‌കരിക്കും
കേരളാ ഫീഡ്സിലെ വർക്ക്‌മെൻ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.
അഞ്ച് കുടുംബ കോടതികൾ
കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ (കൊല്ലം) എന്നിവിടങ്ങളിൽ കുടുംബ കോടതികൾ സ്ഥാപിക്കും.