
തിരുവനന്തപുരം:പിൻവാതിൽ നിയമനങ്ങളെയും, സ്ഥിരപ്പെടുത്തൽ മേളകളെയും പറ്റിയുള്ള പ്രചരണങ്ങൾക്കും,ഉദ്യോഗാർത്ഥികളുടെ സമരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.
യുവാക്കളോടും ഉദ്യോഗാർത്ഥികളോടും പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഭരിക്കുന്നതെന്നും, ഒരു തരത്തിലുള്ള അനീതിക്കും ഇടം കൊടുക്കില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി, തെറ്റിദ്ധാരണ പരത്തിയും ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ചും നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അപകടകരമായ ചില കളികളും കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകളും വൈകാരിക പ്രകടനം നടത്തി. രാഷ്ട്രീയതാല്പര്യം നേടാൻ ജീവന് അപകടം വരുത്തുന്നത് മനുഷന് ചേർന്ന പ്രവൃത്തിയല്ല.ഇത്തരക്കാർക്കെതിരെ കരുതിയിരിക്കണം.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ പ്രത്യേകമായ ഉൾച്ചേർക്കലോ ഒഴിവാക്കലോ നടത്തിയിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ പരിഗണനയുണ്ടായിട്ടില്ല. 10 വർഷം കഴിഞ്ഞ താത്ക്കാലികജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്.സ്ഥിരം നിയമനക്കാരാണെങ്കിൽ ലഭിക്കേണ്ട ചില ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ല. അവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു പി.എസ്.സി റാങ്ക് ലിസറ്റുകാർക്കും തൊഴിലവസരം നിഷേധിക്കപ്പെടുന്നില്ല. ഒഴിവുകൾ പി.എസ്.സിക്ക് വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെയാണ് മാനുഷികപരിഗണനയുടെ ഭാഗമായി സ്ഥിരപ്പെടുത്തിയത്.
'സർക്കാർ ഇടപെട്ട് ജോലി കൊടുപ്പിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. തട്ടിപ്പിന്റെ ശ്രമമുണ്ടെങ്കിൽ അന്വേഷിക്കും. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായാണ് ലിസ്റ്റുകൾ ചീർത്ത് വന്നത്. അതനുസരിച്ച് ലിസ്റ്റിലുള്ള എല്ലാവർക്കും തൊഴിൽ ലഭിക്കില്ല. ലിസ്റ്റിൽ പേരുണ്ടാവും. ഇങ്ങനെയുള്ള ഉദ്യോഗാർഥികളെ വേഗം തെറ്റിദ്ധരിപ്പിക്കാനാവും.
അതേക്കുറിച്ചാണ് ധനമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ് സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും. 47,000 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. 1,57,911പേർക്ക് നിയമനം നൽകി.ഇതിന്റെ കണക്കുകളും മുഖ്യമന്ത്രി അവതരിപ്പിച്ചു.
കൊവിഡ് രോഗികൾ കുറയുന്നു, ജാഗ്രത കൈവിടരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കിൽ വേഗത്തിൽ വൈറസ് പടരും. അങ്ങനെയായാൽ രോഗവുമായി ബന്ധപ്പെട്ടുള്ള മരണവും ആശുപത്രി ചികിത്സയും വളരെയധികം കൂടും. അതുകൊണ്ടുതന്നെ രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്ന നിലപാടാണ് എല്ലാ പ്രദേശങ്ങളും സ്വീകരിച്ചത്.
രോഗത്തെ തടഞ്ഞുനിറുത്തുന്ന ഫലപ്രദമായ മാർഗമാണ് കേരളം സ്വീകരിച്ചത്. രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ രോഗവ്യാപനം കുറവാണ്. രാജ്യത്ത് നാലിലൊരാൾക്ക് രോഗം വന്നു പോയെങ്കിൽ കേരളത്തിൽ പത്തിലൊന്ന് പേർക്കേ രോഗം വന്നിട്ടുള്ളൂ. അതുകൊണ്ട് ജാഗ്രത തുടരുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.