yesudasan-

തിരുവനന്തപുരം: കാർട്ടൂൺ രംഗത്തും മാദ്ധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാർട്ടൂൺ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായ ഇദ്ദേഹം പൊളിറ്റിക്കൽ കാർട്ടൂണുകളുടെ കുലപതിയാണ്. കേരള കാർട്ടൂൺ അക്കാഡമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്ക്കാരം. മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ ചാക്കോലാത്ത് ജോൺ യേശുദാസൻ മലയാളത്തിലെ പോക്കറ്റ് കാർട്ടൂണുകളുടെ പിതാവായാണ് അറിയപ്പെടുന്നത്. മേഴ്സിയാണ് ഭാര്യ. സോനു,സേതു,സുകു എന്നിവരാണ് മക്കൾ.