
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് വെൽഫയർ രജിസ്‌ട്രേഷൻ കേരള എന്നതാണ് ഓർഡിനൻസിന്റെ പേര്.
കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയും കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.
ഡോ.വി. വേണുവിന് കിയാൽ എം.ഡിയുടെ അധികച്ചുമതല
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ വി. തുളസിദാസിന്റെ കാലാവധി മാർച്ച് 12ന് അവസാനിക്കുന്നതിനാൽ അദ്ദേഹം ഒഴിയുന്ന മുറയ്ക്ക് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് കിയാൽ എം.ഡിയുടെ അധികച്ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇ.പി.എഫ് ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിലവിലെ പെൻഷൻ പ്രായം 56 ൽ നിന്ന് 58 ആയി ഉയർത്തും.
കെഡിസ്‌ക് പുനഃസംഘടിപ്പിക്കും
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസലിനെ സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും നിർദിഷ്ട ഭരണസമിതിയുടെ അദ്ധ്യക്ഷൻ. വിവിധ മേഖലകളിൽ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും.
പ്ലാന്റേഷൻ ഡയറക്ടറേറ്റ്
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. തോട്ടം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ വി. നമശിവായത്തിന്റെ ശുപാർശ പരിഗണിച്ചാണ് ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്.
ബിവറേജസ് കോർപ്പറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേൺ, കൂടുതൽ തസ്തികകൾ
ബിവറേജസ് കോർപ്പറേഷനിൽ 1720 തസ്തികകൾക്കു കൂടി അംഗീകാരം ലഭിച്ചു. 261 താത്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഫലമായി വിവിധ തസ്തികകളിലായി 672 പേർക്ക് നിയമനം ലഭിക്കും. ഓഫീസ് അഥവാ ഷോപ്പ് അറ്റൻഡിന്റെ തസ്തികയിൽ 258 പേർക്കും എൽ.ഡി ക്ലാർക്ക് തസ്തികയിൽ 136 പേർക്കും പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കും. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന 261 പേർക്ക് നിയമനം കിട്ടും. സ്വീപ്പർ തസ്തികയിൽ 17 പേർക്കാണ് നിയമനം കിട്ടുക.
കോഴി, കാലിത്തീറ്റകളിൽ മായം കലർത്തിയാൽ രണ്ടുലക്ഷം വരെ
പിഴ: കരട് ഓർഡിനൻസിന് അംഗീകാരം
തിരുവനന്തപുരം: കാലിത്തീറ്റയിലും കോഴിത്തീറ്റയിലും മായം കലർത്തിയാൽ അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ആറ് മാസം വരെ വിപണനലൈസൻസ് റദ്ദാക്കാനും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കാലിത്തീറ്ര, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ ഉത്പാദനം, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ദ കേരള ലൈവ് സ്റ്റോക്ക്, പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ റഗുലേഷൻ ഒഫ് മാനുഫാക്ചർ ആൻഡ് സെയിൽസ് ഓർഡിനൻസ്. ഗവർണർ അംഗീകരിക്കുന്ന മുറയ്ക്ക് ചട്ടങ്ങൾ രൂപപ്പെടുത്താനാണ് നീക്കം. രാജ്യത്താദ്യമായാണ് ഇത്തരമൊരു നിയമം ഒരു സംസ്ഥാനം കൊണ്ടുവരുന്നതെന്ന് മന്ത്രി കെ. രാജു അറിയിച്ചു.
ചോളപ്പൊടി, വിവിധതരം പിണ്ണാക്കുകൾ, ഗോതമ്പ്, തവിട് എന്നിവയെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. പായ്ക്കറ്റിന് പുറത്ത് തീറ്റയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ഏതൊക്കെയെന്നും എത്ര ശതമാനം വീതമെന്നും രേഖപ്പെടുത്തണം. ഗുണനിലവാര പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ്, സേഫ്റ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.