
കേരളത്തിന്റെ അടുത്ത പൊലീസ് മേധാവി ആരാവും..? സീനിയോരിറ്റിയിൽ മുന്നിലുള്ള ടോമിൻ തച്ചങ്കരിയും ജൂനിയറായ സുധേഷ് കുമാറും പൊരിഞ്ഞ പോരിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂണിൽ വിരമിക്കുമ്പോൾ ആ കസേര പിടിക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്. ഇടതു സർക്കാരിന് പ്രിയങ്കരനാണ് തച്ചങ്കരി. പക്ഷേ, ഇപ്പോൾ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവി നിയമനത്തിൽ കാര്യമായ റോളില്ലെന്നതാണ് വാസ്തവം. കേന്ദ്രത്തിനാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക. അതിനാൽ ഡൽഹിയിൽ പിടിയുള്ളവർ കസേര അടിച്ചെടുക്കുമെന്നാണ് പൊലീസിലെ അണിയറ വർത്തമാനം. പൊലീസിലെ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ സുധേഷ് കുമാറിനായും മറ്റുള്ളവർ തച്ചങ്കരിക്കായും ചേരിതിരിഞ്ഞു നിൽക്കുന്നു.
സംസ്ഥാന പൊലീസ് മേധാവി നിയമനം യുപിഎസ്.സി പട്ടികയിൽ നിന്നു വേണമെന്ന സുപ്രീംകോടതി ഉത്തരവ്, രാഷ്ട്രീയതാത്പര്യം നോക്കിയുള്ള നിയമനത്തിന് തിരിച്ചടിയാണ്. മുതിർന്ന ഡി.ജി.പിമാരുടെ പട്ടിക സർക്കാർ യു.പി.എസ്.സിക്ക് കൈമാറുകയും അവർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്നുമാണ് ഉത്തരവ്. അതിനാൽ പൊലീസ് മേധാവി കസേര പിടിക്കാൻ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥ ലോബിയെയും രാഷ്ട്രീയ നേതൃത്വത്തെയുമെല്ലാം സുധേഷ് കുമാർ ഉപയോഗിച്ചേക്കും.
സീനിയറായ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. പക്ഷേ, അനധികൃത സ്വത്ത് സമ്പാദനക്കേസടക്കം കുരുക്കാണ്. സുധേഷിനുമുണ്ട് കേസുകൾ. ക്യാമ്പ് ഫോളോവറായ പൊലീസുകാരനെ സുധേഷിന്റെ മകൾ തല്ലിയതുമായി ബന്ധപ്പെട്ടും കേസുണ്ട്. തച്ചങ്കരിക്ക് 2023 ജൂലായ് വരെ കാലാവധിയുണ്ട്. തച്ചങ്കരിയേക്കാൾ സീനിയറായ മൂന്നു പേരുണ്ട് പൊലീസിൽ. ഒരാൾ ബെഹ്റയാണ്. ജയിൽമേധാവി ഋഷിരാജ്സിംഗ് അടുത്ത ജൂലായിൽ വിരമിക്കും. 2023 മേയ് വരെ കാലാവധിയുള്ള അരുൺകുമാർ സിൻഹ, പ്രധാനമന്ത്രിക്കടക്കം സുരക്ഷയൊരുക്കുന്ന എസ്.പി.ജി തലവനായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കേരളത്തിന്റെ പൊലീസ് മേധാവിയാകാൻ എത്തുമെന്ന് ഉറപ്പില്ല. ആർ. ശ്രീലേഖ ഡിസംബറിൽ വിരമിച്ചപ്പോഴാണ് സുധേഷ്കുമാറിനെ ഡി.ജി.പിയാക്കിയത്.
അതിനിടെ, തനിക്ക് കുരുക്കായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ രക്ഷപെടാൻ തച്ചങ്കരി നീക്കം തുടങ്ങിയിട്ടുണ്ട്. വിജിലൻസ് കുറ്റപത്രം സമർപ്പിച്ച, ഈ കേസിൽ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 - 2007 കാലത്ത് 65.70 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. 2007ൽ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയിൽ തച്ചങ്കരിയുടെ റെയാൻ സ്റ്റുഡിയോ ഉൾപ്പെടെ റെയ്ഡ് ചെയ്താണ് വിജിലൻസ് തെളിവ് ശേഖരിച്ചത്. തച്ചങ്കരിയെ പ്രതിയാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. അന്വേഷണത്തിൽ തന്റെ ഭാഗം കേൾക്കാനോ രേഖകൾ പരിശോധിക്കാനോ തയാറായില്ലെന്ന് കാട്ടി തച്ചങ്കരി സർക്കാരിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് വിജിലൻസിലെ പ്രത്യേകസംഘത്തോട് തുടരന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.
തച്ചങ്കരിയുടെ ആവശ്യപ്രകാരം കേസ് നേരത്തേ കോട്ടയം കോടതിയിലേക്ക് മാറ്റിയിരുന്നു. തച്ചങ്കരി സമർപ്പിച്ച വിടുതൽഹർജി തള്ളിയ കോട്ടയം വിജിലൻസ് കോടതി പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും വിചാരണ നേരിടാനും നിർദേശിക്കുകയും ചെയ്തിരുന്നു. കേസിൽ കഴമ്പില്ലെന്നും കുടുംബപരമായി ലഭിച്ച സ്വത്താണെന്നുമുള്ള തച്ചങ്കരിയുടെ വാദം കോടതി നിരാകരിച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള തച്ചങ്കരിയുടെ അപേക്ഷ ഒരു വർഷം മുമ്പ് വിജിലൻസ് ഡയറക്ടറും തള്ളിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഉപേദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് സർക്കാരിന്റെ ഉത്തരവ്. ഈ അന്വേഷണത്തിൽ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയാൽ അദ്ദേഹത്തിന് സാദ്ധ്യത കൂടും.