തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ ഇ-ഓട്ടോകളാണ് ഡെലിഗേറ്റുകളെയും കൊണ്ട് തിയേറ്ററിൽ നിന്ന് തിയേറ്ററുകളിലേക്ക് പായുക. പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കാൻ വനിതകൾ ഓടിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളെയാണ് രജതജൂബിലി വർഷത്തിൽ ചലച്ചിത്ര അക്കാഡമി നിരത്തിലിറക്കിയിരിക്കുന്നത്. നഗരത്തിൽ കഴിഞ്ഞ വർഷം തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബി.പി.എൽ കുടുംബത്തിൽപ്പെട്ട 15 വനിതകൾക്ക് ഇ ഓട്ടോ വിതരണം ചെയ്തിരുന്നു. ഇതിൽ എട്ട് ഓട്ടോകളാണ് മേളയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഡ്രൈവർക്കും മൂന്ന് യാത്രക്കാർക്കും സഞ്ചരിക്കാവുന്ന 'കേരള നീം ജി' പുകരഹിതവും പൂർണമായും ശബ്ദരഹിതവുമാണ്. ഏകദേശം മൂന്ന് മണിക്കൂർകൊണ്ട് വീട്ടിൽ നിന്നുതന്നെ ബാറ്ററി ചാർജ് ചെയ്യാം. കൂടാതെ ഗാന്ധിപാർക്കിലും പി.എം.ജിയിലും ചാർജിംഗ് പോയന്റുകളുണ്ട്. ഒരുതവണ ചാർജ് ചെയ്താൽ 86 കിലോമീറ്റർ സഞ്ചരിക്കും. രാവിലെ 10 മുതൽ രാത്രി ഏഴ് വരെയാണ് ഇ- ഓട്ടോയുടെ സേവനം സൗജന്യമായി പ്രതിനിധികൾക്ക് ലഭിക്കുക. പ്രതിദിനം 1300 രൂപയാണ് ഓട്ടോ ചാർജായി അക്കാഡമി നൽകുക.