
തിരുവനന്തപുരം: ശബരിമല വിഷയത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അജൻഡയാക്കാനുള്ള കോൺഗ്രസ്, യു.ഡി.എഫ് നീക്കങ്ങൾക്ക് നിന്നു കൊടുക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭൂരിപക്ഷസമുദായത്തിന്റെ വികാരം മുതലെടുക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശബരിമലയുടെ പേരിൽ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ശബരിമല വിഷയം യു.ഡി.എഫ് ഉയർത്തുന്നതിനിടയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം വിശദീകരിച്ച് വിശ്വാസിവിഷയം എടുത്തിട്ട എം.വി. ഗോവിന്ദന്റെ പ്രതികരണം എതിരാളികൾക്ക് ആയുധം ഇട്ടുകൊടുക്കലായെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങൾ പാർട്ടിയിൽ നിന്നുയരുന്നത് നല്ലതല്ലെന്നും യോഗം വിലയിരുത്തി. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തിയതാണെന്ന് എം. വി. ഗോവിന്ദൻ വിശദീകരിച്ചു.
സർക്കാരിനെതിരെ ഒന്നും ആരോപിക്കാനില്ലാത്തതിനാലാണ് സാമുദായിക ധ്രുവീകരണത്തിന് വഴിവയ്ക്കുന്ന വിഷയങ്ങൾ കോൺഗ്രസും ബി.ജെ.പിയും എടുത്തിടുന്നത്. അതിൽ കൊരുക്കേണ്ടതില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയിൽ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുഖ്യ അജൻഡയായി പ്രചരണമാക്കാനും ധാരണയായി.
സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല വിഷയം. വിശാല ബെഞ്ചിന്റെ വിധിക്ക് ശേഷം എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കുകയാണ് വേണ്ടതെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കും. നേരത്തേ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയിലേക്ക് നയിച്ച വാദപ്രതിവാദത്തിനിടയിൽ ആചാരവിഷയത്തിൽ പാണ്ഡിത്യമുള്ളവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന് സർക്കാർ നിർദ്ദേശിച്ചതാണ്. അതിലപ്പുറത്തേക്ക് കടന്ന് പുതിയ സാഹചര്യത്തിൽ യു.ഡി.എഫിനോ ബി.ജെ.പിക്കോ അനുകൂലമായ വ്യാഖ്യാനത്തിന് ഇടയാക്കുന്ന ചർച്ചകളിലേക്ക് നേതാക്കൾ കടക്കരുതെന്ന് യോഗം നിർദ്ദേശിച്ചു.
മുസ്ലിം ലീഗിനെതിരായ വിമർശനത്തെ ഇസ്ലാമിക വിരുദ്ധമായി ചിത്രീകരിച്ച് സി.പി.എമ്മിനെതിരെ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കും. ലീഗിനെതിരായ വിമർശനം മുസ്ലിം സമുദായത്തിനെതിരല്ല. മതതീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുചേരുന്നതിന് എതിരാണെന്ന് കൃത്യമായി വിശദീകരിച്ച് മുന്നോട്ട് പോകും.
പി.എസ്.സി റാങ്ക്ലിസ്റ്റിലുൾപ്പെട്ടവരെ യു.ഡി.എഫും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ ഇറക്കുകയാണെന്നും അഭിപ്രായമുയർന്നു. ഇതിന്റെ വസ്തുത ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. പി.എസ്.സി നിയമനങ്ങളുടെ കണക്കും പി.എസ്.സിക്ക് വിടാത്ത തസ്തികകളിലെ കരാർനിയമനങ്ങളും തമ്മിലെ വ്യത്യാസം വ്യക്തമാക്കാനും ധാരണയായി.