
കോവളം: കോവളത്തിന്റെ മുഖം മാറ്റുന്ന സമുദ്ര ബീച്ച് വികസനവും രണ്ടാം ഘട്ടം വികസനമായ ലൈറ്റ്ഹൗസ് വികസനവും ഗണപതിക്ക് കല്യാണം കുറിച്ച പോലെയായി. രണ്ടര വർഷം മുമ്പ് തുടങ്ങിയ 20 കോടിയുടെ കോവളം വികസന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ അനന്തമായി നീളുന്നത്. കഴിഞ്ഞ സർക്കാർ നിർമ്മിച്ച സമുദ്ര പാർക്ക് പൂർണ്ണമായും പൊളിച്ചാണ് പുതിയ നിർമ്മാണം ആരംഭിച്ചത്. ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്തത്.
കൊവിഡ് ഭീതി ഏറെക്കുറെ മാറിത്തുടങ്ങിയതോടെ സമുദ്ര ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും ബീച്ചിലെ നിർമ്മാണങ്ങൾ വിലങ്ങുതടിയാവുകയാണ്. ഒന്നാം ഘട്ടം കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, വരുന്ന ജൂണിലും ഒന്നാം ഘട്ടം പോലും പൂർത്തിയാക്കാൻ സാധിക്കാതെ നിർമ്മാണം നീളുന്ന അവസ്ഥയാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിൽ വളർച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേക്കാണ്.
ഏതാനും മാസം മുമ്പ് കോവളം ലൈറ്റ് ഹൗസ് ബീച്ച് മുതൽ ഗ്രോബീച്ച് വരെ ഒന്നരക്കിലോമീറ്റർ ദൂരത്തെ തീരവും ഫുട്പാത്തുമെല്ലാം കടലെടുത്തിരുന്നു. അതെല്ലാം ഉടൻ ശരിയാക്കുമെന്നും ഇനി പഴയ കോവളമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ടൂറിസം വകുപ്പ് അധികാരികളുടെ ഉറപ്പുകൾ പാഴ് വാക്കുകളായി. എന്നാൽ, ഒന്നാം ഘട്ടം പോലും പൂർത്തിയാകാത്ത സമുദ്ര ബീച്ച് പാർക്കിനെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യാനും പദ്ധതിയുണ്ട് . പ്രതിസന്ധിയുടെ പടുകുഴിയിലായ കോവളത്തേക്ക് സഞ്ചാരികളെ മടക്കിയെത്തിക്കാൻ അധികൃതർ ആകർഷകമായ പാക്കേജുകളു രുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒന്നാം ഘട്ടം-
സമുദ്ര പാർക്ക്, കഫറ്റീരിയ, ടോയ്‌ലറ്റ് എന്നിവയുടെ നവീകരണം
രണ്ടാം ഘട്ടം -
തീരസംരക്ഷണഭിത്തി, ഫുട്പാത്ത് നവീകരണം, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, ബീച്ച് വെണ്ടർ ബൂത്തുകൾ, സ്വാഗത കവാടം, സൈൻ ബോർഡുകൾ, ആറ് കൽമണ്ഡപങ്ങൾ, ഗ്രാനൈറ്റ് സ്ലാബുകൾ പതിച്ച ഇരിപ്പിടങ്ങൾ, എടക്കല്ല് റോക്ക് ഗാർഡൻ, ടോയ്‌ലറ്റ്, വിശ്രമമുറികൾ
ശ്രദ്ധ കൊടുക്കേണ്ട പ്രധാന പ്രശ്നങ്ങൾ -
തകർന്ന നടപ്പാത. ആളുകൾക്ക് വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുമുള്ള സൗകര്യം. സഞ്ചാരികൾക്ക് പ്രാപ്യമാകുന്നിടത്ത് ടോയ്‌ലറ്റും വിശ്രമമുറിയും. പേ ആൻഡ് യൂസ് ടോയ്‌ലെറ്റ് സൗകര്യം. അപകടത്തിൽ പെടുന്നവർക്ക് പ്രാഥമികശുശ്രൂഷ നൽകാൻ ആംബുലൻസ്. ലൈറ്റ് ഹൗസ് ബീച്ച് നടപ്പാതയിലെ ദ്രവിച്ച ഇരുമ്പുകൈവരികൾ മാറ്റൽ.