
തിരുവനന്തപുരം: പാലാ സീറ്റ് കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച് എൻ.സി.പി നേതൃത്വം. പാലാ ഇല്ലെങ്കിൽ ഇടത് മുന്നണിയിൽ ഇല്ലെന്ന് കടുപ്പിച്ച മാണി സി.കാപ്പൻ ശരദ് പവാറിനോട് നിലപാട് വ്യക്തമാക്കാൻ തീരുമാനിച്ചു.
അതിനിടെ, പാലാ വിട്ടുകൊടുക്കേണ്ടി വരുമെന്നും പകരം മാണി സി.കാപ്പൻ കുട്ടനാട്ടിൽ മത്സരിക്കട്ടെയെന്നും എൻ.സി.പി ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ധരിപ്പിച്ചെന്ന അഭ്യൂഹവുമുയർന്നു. ഇതിന് പിന്നാലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനെ ശരദ് പവാർ ഡൽഹിക്ക് വിളിപ്പിച്ചത് അഭ്യൂഹത്തിന് ആക്കം കൂട്ടി.
എന്നാൽ, പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹവുമായി സംസാരിച്ചെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, സീറ്റിന്റെ കാര്യം ചർച്ച ചെയ്തില്ലെന്നാണ് പറഞ്ഞത്. എങ്കിലും സി.പി.എം അടക്കം എല്ലാ ഘടകകക്ഷികളും സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് പിണറായി പറഞ്ഞത്, പാലാ സീറ്റ് കേരള കോൺഗ്രസ്-ജോസ് വിഭാഗത്തിന് വിട്ടുനൽകേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലായി വ്യാഖ്യാനിക്കുന്നു.
സീറ്റ് ചർച്ച നടന്നിട്ടില്ലെന്നാണ് ടി.പി. പീതാംബരൻ പ്രതികരിച്ചത്. പാലായുടെ കാര്യത്തിൽ പാർട്ടിയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പക്ഷേ എൻ.സി.പി മുന്നണി വിടുമെന്ന പ്രചരണവും തള്ളി. ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എൽ.ഡി.എഫ് നേതൃത്വവുമായി പുതുതായി ആശയവിനിമയം നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം കേരളകൗമുദിയോട് വ്യക്തമാക്കിയത്.
കാപ്പൻ ഉറച്ചു നിൽക്കുന്നത് എൻ.സി.പി ദേശീയ നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. പാലാ വിട്ടുകൊടുത്ത് വഴങ്ങുന്നത് പാർട്ടിക്ക് ദോഷമാകുമോയെന്ന ചിന്തയുമുണ്ട്. മുന്നണി വിട്ടാലും യു.ഡി.എഫിൽ എത്രമാത്രം പരിഗണന കിട്ടുമെന്ന ചോദ്യവും അലട്ടുന്നുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്റെ വിഭാഗം മുന്നണി വിടാൻ ഒരുക്കവുമല്ല.
ഗുജറാത്തിലുള്ള പ്രഫുൽ പട്ടേൽ ഇന്നോ നാളെയോ ഡൽഹിയിൽ എത്തിയ ശേഷം പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രതിപക്ഷനേതാവിന്റെ ഐശ്വര്യകേരള യാത്ര ഞായറാഴ്ച പാലായിലെത്തുമ്പോൾ കാപ്പന്റെ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ആശങ്കയില്ലെന്ന് മുഖ്യമന്ത്രി
സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
എൻ.സി.പിയുടെ മുന്നണിമാറ്റ പ്രചാരണത്തിൽ ആശങ്കയില്ല. എൻ.സി.പിയുടെ നില പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുന്നണിമാറ്റത്തെ കുറച്ച് ഒരാലോചനയുമില്ലെന്നാണ് പീതാംബരൻ മാസ്റ്റർ പറഞ്ഞത്. അതിനാൽ ഇടതുമുന്നണി വളരെ ഭദ്രമാണ്. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലുമായി ഇന്നലെ ഫോണിൽ സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിലേക്ക് പോവുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്ന് മാണി സി കാപ്പൻ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ വെള്ളിയാഴ്ചകൾ വരട്ടെ നമുക്ക് നോക്കാം എന്നായിരുന്നു പ്രതികരണം.
പാലായെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല. ഇടതുമുന്നണിയിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. സീറ്റ് വിഭജനത്തിൽ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വരും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് പാർട്ടികൾ ഞങ്ങളോടൊപ്പം പുതുതായി ഉണ്ട്. എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും. 140 സീറ്റിൽ നിന്നാണ് അവർക്കും സീറ്റ് നൽകേണ്ടത്. സ്വാഭാവികമായും എൽ.ഡി.എഫിൽ മത്സരിച്ച പല പാർട്ടികളും അവരുടെ ചില സീറ്റുകൾ ഇവർക്ക് കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.