cpi

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരവും നിയമന വിവാദവും സർക്കാരിന് പ്രതിച്ഛായാദോഷമുണ്ടാക്കിയെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. പ്രശ്നത്തിൽ യഥാർത്ഥ വസ്തുതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ നീക്കങ്ങൾ തുറന്നുകാട്ടണമെന്നും അഭിപ്രായമുയർന്നു.

തൊഴിൽരഹിതരായവരെ തമ്മിലടിപ്പിച്ച് വൈകാരികമായി ചൂഷണം ചെയ്ത് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് യു.ഡി.എഫും ബി.ജെ.പിയുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മാത്രം അയ്യായിരത്തിൽപ്പരം പേരെ സ്ഥിരപ്പെടുത്തി. ഈ സർക്കാരിന്റെ കാലത്ത് നടന്ന പി.എസ്.സി നിയമനം ഉൾപ്പെടെയുള്ള വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കണം.

ശബരിമല വിഷയത്തിൽ എൽ.ഡി.എഫിനകത്ത് പലരും പല അഭിപ്രായങ്ങൾ പറയാതെ ഒറ്റ നിലപാട് മുന്നോട്ട് വയ്ക്കണം. സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയത്തിൽ ഒരു സർക്കാരിനും നിയമം കൊണ്ടുവരാനാകില്ല. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയിൽ ബിനോയ് വിശ്വം നയിക്കുന്ന ജാഥയിൽ പി. വസന്തത്തെയും എ. വിജയരാഘവന്റെ വടക്കൻ ജാഥയിൽ കെ.പി. രാജേന്ദ്രനെയും നിർദ്ദേശിക്കാനും ധാരണയായി.