
പൂവാർ: തീരദേശ മേഖലയിലെ പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായെന്ന് ആക്ഷേപം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിരുന്ന പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രമാണ് ഇന്ന് അവതാളത്തിലായിരിക്കുന്നത്.
സർക്കാർ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കി സ്വകാര്യ ക്ലിനിക്കുകളിലേക്ക് രോഗികളെ എത്തിക്കുകയാണ് ചില ജീവനക്കാരുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്. ഇതിനായി അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് സമയോജിതമായി ചികിത്സ നൽകാതിരിക്കുകയാണ് ചെയ്യുന്നത്. രോഗിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലോ, തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യാറുണ്ട്. അന്നേരങ്ങളിൽ ആശുപത്രിയിൽ 3 ആംബുലൻസുകൾ ഉണ്ടായിട്ടും അതിനെ ഉപയോഗപ്പെടുത്താതെ സ്വകാര്യ ആംബുലൻസിനെ ആശ്രയിക്കാൻ രോഗികളെയും ബന്ധുക്കളെയും നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. ഇതിന് പ്രതിഫലമായി ജീവനക്കാർക്ക് സ്വകാര്യ ആംബുലൻസുകാർ കമ്മിഷൻ നൽകാറുണ്ടെന്നും ആരോപണമുണ്ട്.
ജീവനക്കാർ
സിവിൽ സർജൻ - 1
അസിസ്റ്റന്റ് സർജൻ -3
എൻ.ആർ.എച്ച്.എം - 2
1 കൊവിഡ് സ്പെഷ്യൽ ഉൾപ്പെടെ - 7 ഡോക്ടർമാരാണ് ഇപ്പോഴുള്ളത്
കൊവിഡ് പ്രതിരോധ പ്രവർത്തനം സജീവമായിരുന്നപ്പോൾ തമിഴ്നാട്ടിൽ നിന്നും നിയമം ലംഘിച്ചെത്തിയ വനിതാ ഡോക്ടറെ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്നതിന് ആശുപത്രിയിലെ ഒരു ഡോക്ടർക്കെതിരെ നടപടിയുണ്ടായി. ഇതിൽ കുപിതനായ ഡോക്ടർ ചില ജീവനക്കാരെയും നാട്ടുകാരിൽ ചിലരെയും കൂട്ടുപിടിച്ച് ആശുപത്രിയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു എന്നാണ് ചില സാമൂഹ്യ പ്രവർത്തകർ പറയുന്നത്.
രോഗികൾ ചൂണ്ടികാണിക്കുന്ന പ്രശ്നങ്ങൾ
ജീവനക്കാരുടെ കുറവ്
എക്സറെ യൂണിറ്റ് പ്രവർത്തിക്കുന്നില്ല
നീതി മെഡിക്കൽസിൽ പലപ്പോഴും ഡോക്ടർമാർ എഴുതുന്ന മരുന്ന് ഉണ്ടാകാറില്ല
മാസ്കും കിട്ടാനില്ല
വൃദ്ധർക്കും അംഗ പരിമിതർക്കും, അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കും ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെ പാർക്കിംഗാണ് ഇതിന് കാരണം.
ആംബുലൻസ് നൽകുന്നില്ല
ആശുപത്രിയിലുള്ള മൂന്ന് ആംബുലൻസുകളുണ്ട്. 108 ഉം, പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ വാഹനവും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാറുണ്ട്. കൂടാതെയുള്ള എസ്.എം.സിയുടെ ആംബുലൻസ് കട്ടപ്പുറത്താണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ചികിത്സയ്ക്കെത്തിയ വൃദ്ധ മാതാവിനെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ ആശുപത്രിയിലുള്ള വാഹനങ്ങൾക്കു പകരം സ്വകാര്യ വാഹനത്തെ ഏർപ്പെടുത്തുകയാണ് ഡ്യൂട്ടി ജീവനക്കാർ ചെയ്തത്. 108 ലെ ഡ്രൈവർ ഇതിനെ ചോദ്യം ചെയ്തിരുന്നു.
സ്വകാര്യ ആംബുലൻസുകാർ ഈടാക്കുന്നത്
നിർദ്ധനരായ രോഗികളോട് നെയ്യാറ്റിൻകരയ്ക്ക് 1400 രൂപയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 3000 രൂപയുമാണ് സ്വകാര്യ ആംബുലൻസുകാർ വാങ്ങുന്നത്.
പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ അതാളത്തിലാക്കാനും അതിലൂടെ സാധാരണക്കാരുടെ സൗജന്യ ചികിത്സാ അവകാശത്തെ ഇല്ലാതാക്കാനും ചിലർ ബോധപൂർവം ശ്രമിക്കുന്നു.
ഡോ. ഐ.എസ്. ജവഹർ, മെഡിക്കൽ ഓഫീസർ