ambedkar-gramam

പഴയങ്ങാടി: ഏഴോം വെടിയെപ്പൻചാൽ കോളനിയിൽ നടപ്പാക്കിയ അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു കോടി രൂപയുടെ വികസനങ്ങളാണ് നടപ്പാക്കിയത്. നിലവിലുള്ള ടി.പി. സ്മാരക സാംസ്‌ക്കാരിക നിലയം ആധുനിക നിലയിൽ നവീകരിച്ച് ഒന്നാം നിലയിൽ പുതിയ കെട്ടിടം നിർമ്മിച്ചു. ഇതിൽ ലൈബ്രറി ഹാൾ കമ്പ്യൂട്ടർ സെന്റർ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫർണിച്ചർ, ടോയ്ലറ്റ് സൗകര്യം, 50 കസേരകൾ എന്നിവ ഒരുക്കി. കെട്ടിടത്തിന് മുന്നിൽ ഇന്റർലോക്ക് പതിപ്പിക്കുകയും സൗന്ദര്യവത്ക്കരണവും നടത്തി. അങ്കണവാടി നവീകരിച്ച് മോഡേൺ അംഗൻവാടിയാക്കി. 350 മീറ്റർ നീളത്തിൽ റോഡ് നിർമ്മിച്ച് ടാറിംഗ് പൂർത്തിയാക്കി. റോഡിന് പാർശ്വഭിത്തി നിർമ്മിച്ചു. 100 മീറ്റർ നീളത്തിലും 4 അടി വീതിയിൽ ഇന്റർലോക്ക് പതിപ്പിച്ച നടപാത നിർമ്മിച്ചു. കളിസ്ഥലം നിർമ്മിച്ച് ഗേറ്റും ചുറ്റുമതിലും നിർമ്മിച്ചു. ടി.പി. സ്മാരക വായനശാലയ്ക്ക് മുന്നിലായി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രയാണ് പദ്ധതി നിർവഹണം പൂർത്തിയാക്കിയത്.
ചടങ്ങിൽ പട്ടികജാതി പട്ടിക വർഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഏഴോം വെടിയെപ്പൻ ചാൽ കോളനിയിൽ ടി.വി. രാജേഷ് എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, കല്യാശേരി ബ്ലോക്ക് പഞ്ചായത്തംഗം ഡി. വിമല, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. അനിൽകുമാർ, ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം ഇ. ശാന്ത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.വി. രവി രാജ് റിപ്പോർട്ട് അവതരിപ്പിച്ചു.