
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാതയുമായി ബന്ധപ്പെട്ട് ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി. അപ്പുക്കുട്ടൻ പറഞ്ഞു. ജോസഫ് കനകമൊട്ടയുടെ ആശയം പാർലമെന്റിലും റെയിവേ ബോർഡിലും പദ്ധതിയായി എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് പി. കരുണാകരൻ ആയിരുന്നെന്ന കാര്യം തമസ്‌കരിക്കുന്നത് നന്ദികേടാണ്. പാത പകുതി കേരളത്തിലും പകുതി കർണാടകത്തിലുമായതിനാൽ ഇരു സംസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെയേ യാഥാർത്ഥ്യമാക്കാൻ കഴിയൂ. ആവശ്യമായ ഭൂമി ഏറ്റെടുത്ത് സൗജന്യമായി റെയിൽവേക്കു നൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ റെയിൽവേ ബോർഡിനെ അറിയിച്ചിരുന്നു. എം.പിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ബജറ്റിൽ ഇടം നേടിയതും സർവെ നടന്നതും. 1400 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ പുതിയ റെയിൽ പാതകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് റെയിൽവേയുടെ നിലപാടു മാറി. ചെലവിൽ 50 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിലവന്നു. ഈ ഘട്ടത്തിലാണ് കാഞ്ഞങ്ങാട്ട് നിന്ന് സർവകക്ഷി പ്രതിനിധി സംഘം ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ നേത്യത്വത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. കൂടെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ എം.സി. ജോസ്, മുസ്ലിംലീഗ് നേതാവ് എ. ഹദീദ് ഹാജി, എ. ദാമോദരൻ (സി.പി.ഐ), സി.എ. പീറ്റർ (കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ) എന്നിവരും പരേതരായ എസ്.കെ. കുട്ടൻ (ബി.ജെ.പി), എ.വി. രാമകൃഷ്ണൻ (എൽ.ജെ.ഡി) എന്നിവരുമുണ്ടായിരുന്നു. 50:50 ഫോർമുല സംസ്ഥാന സർക്കാരിന് അംഗീകരിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിരാശരായാണ് തങ്ങൾ തിരിച്ചു വന്നതെന്നും അപ്പുക്കുട്ടൻ പറഞ്ഞു.