avni

മഹാരാഷ്ട്രയിൽ ഒരു കടുവയെ കൊന്നതിന് പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ നടപടിയ്ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നരഭോജി എന്നാരോപിച്ച് കടുവയെ കൊന്ന എട്ടുപേരടങ്ങിയ സംഘത്തിന്റെ പാരിതോഷികം തടയുകയും വിശദീകരണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി വികാസ് ഖാർഗെയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ഒരു പരിസ്ഥിതി പ്രവർത്തകയുടെ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. മനുഷ്യരെ തിന്നുന്ന കടുവയുടെ ആമാശത്തിൽ മനുഷ്യന്റെ മുടി,​ പല്ല്,​ നഖം തുടങ്ങിയവ ചുരുങ്ങിയത് ആറ് മാസമെങ്കിലും ദഹിക്കാതെ കിടക്കുമെന്നും എന്നാൽ, കൊല്ലപ്പെട്ട കടുവയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഇവയൊന്നും ലഭിച്ചില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുകയായിരുന്നു.

നരഭോജിയെന്ന് പറ‌ഞ്ഞ് കൊന്ന ആ കടുവയുടെ പേര് ' അവ്‌നി ' എന്നാണ്. 2018 നവംബറിലാണ് ' T1 ' എന്നറിയപ്പെടുന്ന പെൺകടുവയായ അവ്‌നി രാജ്യവ്യാപകമായി വാർത്തകളിലിടംനേടിയത്. മഹാരാഷ്ട്രയിലെ യവത്‌മൽ ജില്ലയിൽ വച്ച് അവ്‌നി 'കൊല്ലപ്പെട്ടു'. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷമാണ് അവ്‌നിയെ കൊല്ലുന്നതിൽ കലാശിച്ചത്. അവ്നിയുടെ മരണം രാജ്യവ്യാപകമായി നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്തിനാണ് അവ്‌നിയെ വെടിവച്ചു കൊന്നത്.? അവ്‌നിയുടെ മരണത്തെ തുടർന്ന് വൻ പ്രതിഷേധം ഉയരാൻ കാരണമെന്താണ്. ?

 ആരാണ് അവ്‌നി ?

13 പേരെ കൊന്ന ഒരു നരഭോജി കടുവയാണ് അവ്‌നി എന്നാണ് പറയപ്പെടുന്നത്. 2018 സെപ്തംബറിൽ അവ്‌നിയെ കണ്ടാലുടൻ വെടിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, രാജ്യമൊട്ടാകെയുള്ള വനം- പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും അവ്‌നിയെ കൊല്ലരുതെന്നും മയക്കുവെടി വച്ച് പിടികൂടി പുനരധിവസിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ അവ്‌നിയ്ക്ക് ആറു വയസായിരുന്നു പ്രായം. ഒന്നര വർഷത്തോളമെടുത്താണ് അവ്‌നിയെ മഹാരാഷ്ട്ര സർക്കാർ പിടികൂടിയത്. വേട്ടക്കാരനായ ഷഫാത്ത് അലി ഖാൻ, ഇദ്ദേഹത്തിന്റെ മകൻ അസ്ഗർ അലി എന്നിവരാണ് അവ്‌നിയെ വെടിവച്ചത്. അവ്‌നിയെ കൊന്നതിനെതിരെ ശിവസേനയും കോൺഗ്രസും അന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

 പരിസ്ഥിതി പ്രവർത്തകർ പറയുന്നത്

അവ്‌നി തന്നെയാണ് ആളുകളെ കൊന്നത് എന്നതിന് മതിയായ തെളിവുകൾ ഫോറസ്റ്റ് അധികൃതരുടെ പക്കലില്ലായിരുന്നു. കാട്ടിൽ കഴിഞ്ഞിരുന്ന അവ്‌നി നാട്ടിലിറങ്ങിയിട്ടില്ല. മനുഷ്യർ അവ്‌നിയുടെ വാസസ്ഥലത്തേക്ക് കടന്നുകയറുകയായിരുന്നു. മാത്രമല്ല, ആ മേഖലയിൽ മറ്റ് ഏഴ് കടുവകൾ ചുറ്റിത്തിരിഞ്ഞെന്നും പറയുന്നു. അവ്‌നിയ്ക്ക് മേൽ തെളിവുകളുടെ ഹാജരാക്കാൻ വനം വകുപ്പ് പരാജയപ്പെട്ടു. തെളിവുകളില്ലാതെ കടുവയെ കൊല്ലരുതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

ഡി.എൻ.എ തെളിവുകളോ അതുപോലെ തന്നെ അവ്‌നിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ അവ്‌നി നരഭോജി കടുവയാണെന്ന് തെളിയിക്കാനുള്ള ഒരു തുമ്പും നൽകിയില്ല. അവ്‌നിയെ കൊന്ന് കടുവ കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം വനമേഖലയുടെ ഒരു ഭാഗം സ്വകാര്യ കമ്പനികൾക്ക് വകമാറ്റി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു.

 വനം വകുപ്പ് പറയുന്നത്

അവ്‌നിയെ ജീവനോടെ പിടികൂടാനാണ് ശ്രമിച്ചത്. എന്നാൽ, അക്രമാസക്തയായതോടെ വെടിവച്ചു കൊല്ലുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു.ചാവുമ്പോൾ അവ്‌നിയുടെ രണ്ട് കുട്ടികൾക്ക് മാസങ്ങൾ മാത്രമായിരുന്നു പ്രായം. അവ്‌നി കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇതിൽ പെൺകടുവക്കുഞ്ഞിനെ വനംവകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാൽ, ആൺ കടുവക്കുഞ്ഞ് വനംവകുപ്പിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. വനത്തിൽ നിന്ന് മതിയായ ഇരകളെ കിട്ടാതെ വന്നതോടെ സമീപ ഗ്രാമങ്ങളിൽ നിന്ന് അവ്‌നി മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയെന്നാണ് ഫോറസ്റ്റ് അധികൃതരുടെ വിശദീകരണം. മനുഷ്യമാംസം രുചിച്ച അവ്‌നി നരഭോജിയായി മാറുകയായിരുന്നത്രെ.

 പ്രദേശവാസികൾ പറയുന്നത്

നരഭോജി കടുവ യവത്‌മാൽ ജില്ലയിലെ വനാതിർത്തിയ്ക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലെ പേടി സ്വപ്നമായിരുന്നു. ഓരോ രാത്രിയിലും ഭീതിയോടെയാണ് അവിടുത്തെ ജനങ്ങൾ ഉറങ്ങിയിരുന്നത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഫോറസ്റ്റ് അധികൃതർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. വ്യാപക പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അവ്‌നിയെ കൊല്ലാൻ ഈ ഗ്രാമങ്ങളിലുള്ളവർ പിന്തുണ നൽകിയിരുന്നു. വേട്ടക്കാരെ ഗ്രാമീണർ അനുമോദിക്കുകയും ചെയ്തിരുന്നു.