
നെയ്യാറ്റിൻകര: മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി കോൺഗ്രസ് നേതാവും മുൻ ബാങ്ക് പ്രസിഡന്റുമായ എം.എസ്. അനിലിന്റെ മകൾ പാർവതി എം.എസിനെ തിരഞ്ഞെടുത്തു.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രായം കുറഞ്ഞ പ്രസിഡന്റായ പാർവതി 21-ാം വയസിലാണ് ചുമതലയേൽക്കുന്നത്. ലാ അക്കാഡമി ലാ കോളേജിലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ബാങ്ക് ഹാളിലാണ് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ യോഗം ചേർന്ന് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ 35 വർഷമായി ബാങ്കിൽ എം.എസ്. അനിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു. 2018 ജൂലായ് 23ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സി.പി.എം നേതൃത്വം ബാങ്കിനെതിരെ നൽകിയ പരാതികളെ തുടർന്ന് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയും ഭരണം അഡ്‌മിനിസ്‌ട്രേറ്റർ ഏറ്റെടുക്കുകയുമായിരുന്നു. 29 മാസമാണ് അഡ്മിനിസ്ട്രേറ്റർ ഭരണം തുടർന്നത്. ബാങ്കിലെ ഇടപാടുകാർ തന്നിലർപ്പിച്ച വിശ്വാസമാണ് യു.ഡി.എഫ് പാനലിന്റെ വിജയമെന്ന് എം.എസ്. അനിൽ പറഞ്ഞു.