
വൈറ്റേസിയേ എന്ന കുടുംബത്തിലെ വൈറ്റിസ് വെനിഫെറ എന്ന സസ്യനാമത്തിലുള്ള വള്ളിച്ചെടിയാണ് മുന്തിരി. ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഇത് വളരുന്നുണ്ട്. ഉണക്കമുന്തിരിയാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചെടിയുടെ പൂവ്, ഇല, വള്ളി എന്നിവയും ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ മുന്തിരിക്കുരുവും ഉപയോഗിക്കുന്നുണ്ട്.
ശരീരത്തെ തണുപ്പിക്കുന്ന സ്വഭാവമുള്ളതാണ് മുന്തിരി. മലശോധനയുണ്ടാക്കുന്നതും ബുദ്ധിവർദ്ധകവുമാണ്. ഹൃദയാരോഗ്യത്തിന് വളരെ നല്ലത്. രക്തം പോകുന്നത് തടയുന്നതിന് ഫലപ്രദം. മൂത്രത്തിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ചെയ്യും.യുവത്വം നിലനിർത്താൻ സഹായിക്കുന്നു. പനി കുറയ്ക്കുന്നതും രക്തം ശുദ്ധീകരിക്കുന്നതും രക്ത വർദ്ധനവിനെ ഉണ്ടാക്കുന്നതുമാണ്. വേദനയെ കുറയ്ക്കും ദഹനത്തെ ഉണ്ടാക്കും. വയറുവേദന കുറയുന്നതിനും ഫലപ്രദമാണ്. കഫത്തെ അലിയിച്ചു കളയാനും വീക്കവും പഴുപ്പും കുറയ്ക്കുന്നതിനും മുന്തിരി വിവിധ രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്.
മുന്തിരിയെ നല്ലൊരു ടോണിക്ക് എന്ന രീതിയിൽ പ്രയോജനപ്പെടുത്താം.
ശരീരത്തിൽ അനുഭവപ്പെടുന്ന പുകഞ്ഞു നീറ്റൽ, മലബന്ധം, ബലക്കുറവ്, ഓർമ്മക്കുറവ്, രക്തം തുപ്പുക, ബ്ലീഡിംഗ്, വിളർച്ച, ത്വക്ക് രോഗങ്ങൾ, വിശപ്പില്ലായ്മ, വയറുവേദന,ഗ്യാസ്, ചുമ, ശ്വാസംമുട്ടൽ, നേത്രരോഗങ്ങൾ, മഞ്ഞപിത്തം എന്നീ രോഗാവസ്ഥകളിലും മുന്തിരി വിശിഷ്ട ഔഷധമാണ്.
രുചിയില്ലായ്മ, അമിതമായ ദാഹം എന്നിവയെ ഇല്ലാതാക്കും. സ്വരഭേദം, ക്ഷതങ്ങൾ എന്നിവ പരിഹരിക്കുന്നതിനും തളർച്ച മാറ്റുന്നതിനും ഹൃദയത്തെ ബലപ്പെടുത്തുന്നതിനും നല്ല ശബ്ദം ലഭിക്കുന്നതിനും തലചുറ്റൽ കുറയ്ക്കുന്നതിനും മെലിഞ്ഞ ശരീരത്തെ തടിപ്പിക്കുന്നതിനും വായു വിക്ഷോഭം കുറയ്ക്കുന്നതിനും വായവരൾച്ച മാറ്റുന്നതിനും മുന്തിരി ഫലപ്രദമാണ്.
അരിഷ്ടം, ആസവം,കഷായം, ലേഹ്യം, കണ്ണിലും മൂക്കിലും ഇറ്റിക്കുന്ന മരുന്നുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് മുന്തിരി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഫ്രഷ് ആയ മുന്തിരി ആഹാരമായി ഉപയോഗിച്ചാലും വളരെയേറെ ഗുണം ലഭിക്കും.
നന്നായി പഴുക്കാത്തതും കൃത്രിമമായി പഴുപ്പിച്ചതും പുളിയുള്ളതുമായ മുന്തിരി ചെറിയതോതിലെങ്കിലും അലർജിയുള്ളവർക്ക് ദോഷം ചെയ്യും. അങ്ങനെയുള്ളവർ നല്ല മധുരമുള്ളവ കഴിക്കാൻ ശ്രദ്ധിക്കണം. രാവിലെ എട്ട് മണിക്ക് ശേഷവും വൈകിട്ട് ആറുമണിക്ക് മുമ്പും കഴിച്ചാൽ അത് അലർജി കാരണമുള്ള കഫരോഗങ്ങളെ വർദ്ധിപ്പിക്കും.
വിപണിയിൽ ലഭിക്കുന്ന മുന്തിരിയിൽ കീടനാശിനികളുടെ ഉപയോഗം അധികമാണെന്ന് അറിയാമല്ലോ? എന്നുകരുതി അവയെ ഒഴിവാക്കുകയല്ല വേണ്ടത്. വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് കീടനാശിനി സാന്നിദ്ധ്യം മാറ്റി ഭക്ഷ്യയോഗ്യമാക്കുകയാണ് വേണ്ടത്. എന്നാൽ, പൊട്ടിയതും ചീഞ്ഞതുമായ മുന്തിരി ഉപയോഗിക്കുന്നത് ദോഷം ചെയ്യും.