sabarimala

വർഷംതോറും 300കോടി രൂപ വരുമാനമുണ്ടായിരുന്ന ശബരിമല, ദൈവത്തിലോ ക്ഷേത്രങ്ങളിലോ വിശ്വാസമില്ലാത്ത ഭരണകർത്താക്കളുടെ പിടിപ്പുകേടും ഗൂഢോദ്ദേശ്യവും കൊണ്ട് ഇന്ന് സാമ്പത്തികമായി തകർന്നിരിക്കുന്നു. ഇത് ബോർഡിനെയും ആയിരത്തിൽപ്പരം ക്ഷേത്രങ്ങളെയും ആറായിരത്തോളം ജീവനക്കാരെയും നേരിട്ട് ബാധിച്ചിരിക്കുകയാണ്.

യോഗനിദ്ര‌യിൽ സ്ഥിതിചെയ്യുന്ന നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനാണ് ആരാധനാമൂർത്തി. ഇവിടെ 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന ഈ ആചാരം ശബരിമലയുടെ പ്രത്യേകതയാണ്. എല്ലാ അയ്യപ്പഭക്തരും നിറഞ്ഞ മനസോടെ ഉൾക്കൊണ്ടുവരുന്ന ഒരു ആചാരമാണത്.

1991ൽ മഹേന്ദ്രൻ എന്നൊരാൾ അന്നത്തെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പരിപൂർണന് ഒരു കത്ത് അയയ്‌ക്കുകയും കോടതി അത് പൊതുതാത്‌‌പര്യ ഹർജിയായി സ്വീകരിക്കുകയും ചെയ്തതാണ് ശബരിമലയിലെ ഇന്നത്തെ കേസുകൾക്ക് ആസ്പദമായ സംഭവങ്ങളുടെ ആരംഭം. ഈ ഹർജിയിൽ ഇന്ത്യൻ ഫെഡെറേഷൻ ഓഫ് വിമൺസ് ലോയേഴ്സ് എന്ന സംഘടനയും കക്ഷി ചേർന്നു. വിശദമായ പഠനത്തിനും വാദങ്ങൾക്കും ശേഷം കോടതി 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതീ പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവായി. ഭരണഘടനയിലെ ആർട്ടിക്കിൾ 26 (ബി) അനുസരിച്ച് അയ്യപ്പഭക്തർ ഒരു പ്രത്യേക വിശ്വാസി സമൂഹമാണെന്നും (ഡിനോമിനേഷൻ) ഇവരുടെ വിശ്വാസവും അതിനു നിദാനമായ ആചാരവും സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. 2006ൽ ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ ഇതേ ആവശ്യം പുന:സ്ഥാപിക്കാൻ സുപ്രീംകോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ഈ കേസ് 2016 ലാണ് സുപ്രീംകോടതി അന്തിമ പരിഗണനയ്‌ക്കെടുത്തത്. 2016 ഫെബ്രുവരിയിൽ യു.ഡി.എഫ്. സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ 1991ലെ ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയും, ശബരിമലയിൽ സ്ത്രീപ്രവേശനം നിരോധിച്ചിട്ടില്ലെന്നും 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതികളുടെ പ്രവേശനം മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്നും കോടതിയെ അറിയിച്ചു. ദേവസ്വം മന്ത്രിയെന്ന നിലയിൽ ഞാൻ നേരിട്ട് തന്ത്രിയുമായും ദേവസ്വം ബോർഡുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തിയാണ് ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‌കിയത്.

ഈ കേസിന്റെ വിചാരണവേളയിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുകയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. അവർ യു.ഡി.എഫ് സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലം മാറ്റി പുതിയത് ഫയൽ ചെയ്തു. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. സ്വതന്ത്രനിലപാട് കൈക്കൊള്ളേണ്ട ദേവസ്വം ബോർഡ് സർക്കാരിന്റെ സമ്മർദ്ദത്തിനു വഴങ്ങി യുവതിപ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഈ കേസിൽ നായർ സർവീസ് സൊസൈറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരും കക്ഷി ചേർന്നു. വിശദമായ വാദപ്രതിവാദങ്ങൾക്കു ശേഷം 28.09.2018 ൽ ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും വിവേചനം പാടില്ലെന്നും ഭൂരിപക്ഷ വിധിപ്രകാരം ഉത്തരവിട്ടു. ബെഞ്ചിലെ ഒരംഗമായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്ര ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ചു.

കൂടിയാലോചനയോ, ചർച്ചയോ കൂടാതെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കാതെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ഇടതുപക്ഷ സർക്കാർ എങ്ങനെയും വിധി അടിയന്തരമായി നടപ്പിലാക്കാനുള്ള നടപടികളാണ് കൈക്കൊണ്ടത്. 2018 ഒക്ടോബറിലും തുടർന്നുവന്ന മണ്ഡല മകരവിളക്ക് സീസണിലും യുവതീ പ്രവേശനം എങ്ങനെയും നടപ്പിലാക്കാൻ അതിഹീനമായ നടപടി സ്വീകരിച്ചു. അതിനുവേണ്ടി ശബരിമലയെ പൊലീസ് രാജ് ആക്കി മാറ്റി. ഭക്തരുടെ പ്രതിഷേധം അവഗണിച്ച് പൊലീസ് സംരക്ഷണത്തോടെ ആക്‌ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. ലോകത്തെ മുഴുവൻ അയ്യപ്പ വിശ്വാസികളുടെയും മനസിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി ഈ സംഭവങ്ങൾ ഇന്നും നിലനില്ക്കുന്നു. ബി.ജെ.പി പ്രവർത്തകരും സർക്കാരും കൂടി ശബരിമലയെ കലാപഭൂമിയാക്കി മാറ്റി. ഫലമോ, ശബരിമലയിലെത്തേണ്ട ലക്ഷക്കണക്കിന് അയ്യപ്പഭക്തർ വിട്ടുനിന്നു. വരുമാനം ഗണ്യമായി കുറഞ്ഞു. ദേവസ്വം ബോർഡ് വെറും നോക്കുകുത്തിയായി മാറി.

അൻപതിൽപ്പരം പുന:പരിശോധനാ ഹർജികളും ഏതാനും റിട്ട് പെറ്റീഷനുകളും സുപ്രീംകോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. വിധിയിൽ പിഴവുകളുണ്ടെന്നും വിശ്വാസി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെട്ടുവെന്നും വിധി പുന:പരിശോധിക്കണമെന്നും നായർസർവീസ് സൊസൈറ്റി, പന്തളം രാജകുടുംബം തുടങ്ങിയ പുന:പരിശോധനാ ഹർജിക്കാർ അപേക്ഷിച്ചു. തുറന്ന കോടതിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് 14.11.2019ൽ 3:2 എന്ന ഭൂരിപക്ഷത്തിൽ പുന: പരിശോധനാ ഹർജികൾ വിശദമായ വാദത്തിനുവേണ്ടി വിശാല ബെഞ്ചിന് വിടാൻ തീരുമാനിച്ചു. 2020 ഫെബ്രുവരിയിൽ ഈ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ്സ് എസ്.എ.ബോബ്‌ഡേയുടെ അധ്യക്ഷതയിലുള്ള വിശാല ബെഞ്ച് ഈ കേസ് ഒൻപതംഗ ബെഞ്ചിനു വിട്ട നടപടി ശരിവയ്‌ക്കുകയും അഞ്ചംഗ ബെഞ്ച് 2019ൽ പരിശോധനാ വിഷയങ്ങളായി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നതാണെന്നും പ്രസ്താവിച്ചു. ഇപ്പോൾ എൽ ഡിഎഫ് കൺവീനർ വിധിവന്നശേഷം ചർച്ച നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ യാതൊരു ആത്മാർത്ഥതയുമില്ല. തിരെഞ്ഞെടുപ്പ് തന്ത്രം മാത്രമാണത്.

ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തിന്റെ പ്രസക്തി. ജെല്ലിക്കെട്ട് വിഷയത്തിൽ സുപ്രീംകോടതി വിധി എതിരായിട്ടും തമിഴ്നാട് സർക്കാർ ഒരു പുതിയ നിയമം കൊണ്ടുവന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് വന്നെങ്കിലും കോടതി സ്റ്റേ നല്‌കാൻ തയ്യാറായില്ല. ജെല്ലിക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഇതേനിലപാട് കേരളത്തിലും സ്വീകരിക്കാവുന്നതാണ്.

ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിലുള്ള ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം. അവരുടെ നിലപാട് കൊണ്ട് മാത്രമാണ് 2018ലെ സുപ്രീംകോടതി വിധിയുണ്ടായത്. അന്നത്തെ നിലപാട് തന്നെയാണ് സർക്കാർ ഈ പുന:പരിശോധനാ ഹർജികളിലും സ്വീകരിച്ചു കാണുന്നത്. തമിഴ്നാട് സർക്കാർ കാണിച്ച തന്റേടം പ്രകടിപ്പിക്കാർ ഇടതുപക്ഷ സർക്കാരിന് കഴിയുമോ?

രണ്ട് വിഷയങ്ങളിലാണ് സർക്കാരിന്റെ വിശദീകരണം ഇപ്പോൾ ആവശ്യം. ഒന്ന് ,​ യു.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പുന:പരിശോധനാ വേളയിൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് കോടതിയിൽ സമർപ്പിക്കാൻ തയ്യാറാണോ? രണ്ട് ,യുവതിപ്രവേശനം തടഞ്ഞുകൊണ്ടുള്ള നിയമഭേദഗതി നിർമ്മിക്കാൻ തയ്യാറാണോ?