
വ്യവസായശാലകളിലെ സുരക്ഷിതത്വം എത്ര അപക്വമായും ലാഘവത്തോടും കൂടി കൈകാര്യം ചെയ്യാമെന്നതിന്റെ ഉത്തമോദാഹരണമാണ് തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ കഴിഞ്ഞ ദിവസമുണ്ടായ എണ്ണച്ചോർച്ചയും വൻതോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും. ബോയിലറിലേക്ക് ഫർണസ് ഓയിൽ എത്തിക്കുന്ന പൈപ്പ് ലൈൻ പമ്പിംഗിനിടെ പൊട്ടി അയ്യായിരം ലിറ്ററോളം എണ്ണ പുറത്തേക്ക് ഒഴുകിയിട്ടും ആരുടേയും ശ്രദ്ധയിൽ അതു പെട്ടില്ലെന്നത് വിസ്മയാവഹം തന്നെ. കടപ്പുറത്തെ താമസക്കാരാണ് ഇക്കാര്യം കമ്പനിയിൽ വിളിച്ചറിയിച്ചത്. പ്രദേശവാസികൾ ഇതു കണ്ടില്ലായിരുന്നെങ്കിൽ കൂടുതൽ എണ്ണ കടലിലേക്ക് ഒഴുകുമായിരുന്നു. കരയിലും കടലിലും മലിനീകരണം കൂടുതൽ രൂക്ഷമാവുകയും ചെയ്യുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പമ്പ് ഓപ്പറേറ്ററോ സൂപ്പർവൈസർമാരോ സെക്യൂരിറ്റി ചുമതലയുള്ളവരോ ആരുംതന്നെ എണ്ണപൈപ്പ് പൊട്ടിയ വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്. അത്രയ്ക്കുണ്ട് അവിടത്തെ സുരക്ഷാ ഏർപ്പാടുകൾ. അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ഇതുപോലൊരു വ്യവസായ സ്ഥാപനത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനാസ്ഥയാണ് ടൈറ്റാനിയം ഫാക്ടറിയിൽ ബുധനാഴ്ച വെളുപ്പിന് സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണവും റിപ്പോർട്ട് സമർപ്പണവുമൊക്കെ വഴിയേ ഉണ്ടായെന്നിരിക്കും. അനാസ്ഥയുടെ ഫലമായി ഇവിടെ അപകടങ്ങളുണ്ടാകുന്നത് ആദ്യമൊന്നുമല്ല.
ഫർണസ് ഓയിൽ കരയിലും കടലിലും പരന്നതിനാൽ പരിസ്ഥിതി ഭീഷണി വലിയ തോതിലാണ്. ശംഖുംമുഖം മുതൽ പുതുക്കുറിച്ചി വരെ തീരക്കടലിൽ എണ്ണ പരന്നിട്ടുണ്ട്. രണ്ടുദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. തീരങ്ങളിലുമുണ്ട് നിയന്ത്രണങ്ങൾ. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും തുടർന്നുള്ള നടപടികൾ. എണ്ണച്ചോർച്ച സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നം കാരണം പ്രദേശവാസികൾക്ക് ഉപജീവനമാർഗം മുട്ടിയിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ നഷ്ടം വിലയിരുത്തി പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതുണ്ട്. കാലവിളംബമില്ലാതെ അതിനു നടപടിയെടുക്കണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനവും താത്‌കാലികമായി നിറുത്തിവച്ചിട്ടുണ്ട്. എണ്ണ പരന്ന് വിഷലിപ്തമായ മണ്ണുവരെ നീക്കം ചെയ്യണമെന്നാണ് കമ്പനിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
ടൈറ്റാനിയം ഫാക്ടറിയിൽ നിന്നുള്ള മലിനജലം ഇപ്പോഴും തുറസായ ചാലുവഴി കടലിലേക്കാണ് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നതത്രേ. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ചോർന്ന ഫർണസ് ഓയിലും ഈ ചാലിലൂടെയാണ് കടലിലെത്തിയത്. മലിനീകരണം വൻതോതിലുള്ള ടൈറ്റാനിയം ഫാക്ടറി പൂർണമായും മലിനീകരണ മുക്തമാക്കാൻ വൻ പദ്ധതികൾ തന്നെ ആവിഷ്കരിച്ചതാണ്. അതുമായി ബന്ധപ്പെട്ട നാറുന്ന അഴിമതിക്കഥകൾ ശേഷിച്ചതല്ലാതെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യമായി വന്നില്ലെന്നുവേണം കരുതാൻ. തീരക്കടലിനെ വിഷമയമാക്കിക്കൊണ്ട് ഇപ്പോഴും ഫാക്ടറിയിൽ നിന്നുള്ള മലിനജലം വൻതോതിൽ കടലിലേക്കു തന്നെ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരും നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും ഫാക്ടറി ഉയർത്തുന്ന മലിനീകരണ പ്രശ്നം ഇതുവരെ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഫാക്ടറിയിൽ നിന്നുള്ള വിഷപ്പുക പ്രദേശവാസികൾക്ക് ആരോഗ്യഭീഷണിയാണ്. തൊട്ടടുത്ത് വിമാനത്താവളമുള്ളതിനാൽ പുകക്കുഴലിന്റെ ഉയരം നിശ്ചിത അളവിൽ താഴെയായിരിക്കണമെന്നു നിബന്ധനയുണ്ട്. അതിനാൽ പ്ളാന്റുകളിൽ നിന്നുയരുന്ന പുക അന്തരീക്ഷത്തിൽ ദീർഘനേരം തങ്ങിനിൽക്കും. മഴക്കാലത്തും ശൈത്യകാലത്തുമാണ് ഇത് ഏറെ അപകടകരമാകുന്നത്. നിലവിലുള്ള പുകക്കുഴലുകളുടെ തന്നെ ഉയരം കുറയ്ക്കണമെന്ന് വ്യോമയാന വകുപ്പ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ടൈറ്റാനിയത്തിന്റെ പുകക്കുഴലുകൾ തടസമാണെന്ന് പൈലറ്റുമാരും പതിവായി പരാതിപ്പെടാറുണ്ട്. ടൈറ്റാനിയം ഫാക്ടറി ആരംഭിച്ച കാലത്ത് പ്രായേണ അധികം ജനവാസമില്ലാത്ത പ്രദേശമായിരുന്നു ഇത്. ഇപ്പോൾ അതല്ല സ്ഥിതി. അനവധി സ്ഥാപനങ്ങളും കോളേജ് ഉൾപ്പെടെ മനുഷ്യർ തിങ്ങിനിറഞ്ഞ പ്രദേശമാണത്. നഗരമദ്ധ്യത്തിൽ നിന്ന് ഫാക്ടറി മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് മുൻകാലങ്ങളിൽ പലകുറി ആലോചന നടന്നതാണ്. വിമാനത്താവള വികസനത്തിനും എക്കാലവും തടസമായി അത് നിലനിൽക്കുകയാണ്.
ഏതു തരത്തിലുള്ള മലിനീകരണവും തടയുന്നതിന് അതിശക്തമായ നിയമങ്ങളുള്ള രാജ്യത്ത് സർക്കാർ ഉടമയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നു നിയമലംഘനമുണ്ടാകുന്നത് നിയമത്തെ പരിഹസിക്കലാണ്. ഇപ്പോൾ സംഭവിച്ച എണ്ണച്ചോർച്ചയുടെ ഫലമായുണ്ടായ മലിനീകരണം മാത്രമല്ല പ്രശ്നം. തീരമാകെ മലിനപ്പെടുത്തിക്കൊണ്ട് ഫാക്ടറിയിൽ നിന്ന് കടലിലേക്കൊഴുകുന്ന മലിന വാഹിനിയും വലിയ ഭീഷണി തന്നെയാണ്. എണ്ണച്ചോർച്ചയുടെ പ്രത്യാഘാതം നേരിൽ കാണാനെത്തിയ കളക്ടറും പരിവാരങ്ങളും ഇതിനൊക്കെ സാക്ഷികളായതുമാണ്. കോടിക്കണക്കിനു രൂപ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മുടക്കിയിട്ടും മലിനജലം ഒഴുക്കാൻ ഇപ്പോഴും പണ്ടുകാലത്തു ചെയ്തിരുന്നതുപോലുള്ള സങ്കേതങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് സർക്കാർ അന്വേഷിക്കണം. മലിനീകരണം തടയാനുള്ള പ്ളാന്റ് നിർമ്മാണത്തിൽ ഭീകരമായ വെട്ടിപ്പും അഴിമതിയും നടന്നുവെന്നു തെളിഞ്ഞിട്ടും കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്തിനാണെന്ന് അറിയാനുള്ള അവകാശവും നികുതിദായകർക്കുണ്ട്.