construction-

തിരുവനന്തപുരം: കെട്ടിടനിർമ്മാണ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിക്കാൻ കൊണ്ടുവന്ന ഓർഡിനൻസ് കൂടുതൽ അധിക നിർമ്മാണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആശങ്ക. അംഗീകൃത ലൈസൻസികളായ ആർക്കിടെക്‌ട്, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺപ്ലാനർ എന്നിവരിലാരെങ്കിലും നൽകുന്ന സാക്ഷ്യപത്രത്തോടൊപ്പം ഉദ്യോഗസ്ഥതലത്തിൽ യാതൊരു പരിശോധനയും കൂടാതെ നിർമ്മാണം അനുവദിക്കുന്നത് പരിസ്ഥിതിയും വികസനവും ലക്ഷ്യമിട്ടുള്ള നിയമങ്ങൾ ലംഘിക്കാൻ വഴിയൊരുക്കും. നെൽവയൽ തണ്ണീർതട സംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ നിയമങ്ങളെക്കുറിച്ച് അംഗീകൃത ലൈസൻസികളിൽ ഭൂരിഭാഗത്തിനും കൃത്യമായ ധാരണയില്ല. ഫീസ് ഈടാക്കി പ്ലാനും സാക്ഷ്യപത്രവും തയ്യാറാക്കി ഇക്കൂട്ടർ സമർപ്പിക്കും. നിർമ്മാണം ഇവരുമായി ബന്ധമില്ലാത്ത വ്യക്തികളോ, സ്ഥാപനങ്ങളോ ആയിരിക്കും നടത്തുന്നത്.

അഴിമതിക്കളങ്ങൾ

 കെട്ടിട നിർമ്മാണം സാദ്ധ്യമല്ലാത്ത സ്ഥലത്ത് ലൈസൻസി പണംവാങ്ങികൊണ്ട് സാക്ഷ്യപത്രം നൽകിയാലും നിർമ്മാണാനുമതി ലഭിക്കും. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായശേഷം പൊളിക്കൽ പ്രായോഗികമല്ല.

 നിയമം മറികടന്ന് സാക്ഷ്യപത്രം നൽകുന്ന ലൈസൻസിയെയും കെട്ടിട ഉടമയെയും കോഴ വാങ്ങി സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ടാവും.

പരിഹാരം

അഴിമതി അവസാനിക്കണമെങ്കിൽ പുതിയ സോഫ്ട് വെയറുകൾ വഴി ഗൂഗിൾ മാപ്പിംഗിലൂടെ സ്ഥലപരിശോധനയടക്കം നടത്തി ഓൺലൈനിൽ പെർമിറ്റ് കൊടുക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. തെലങ്കാനയിലടക്കം ഇത്തരം സംവിധാനമുണ്ട്. ജനങ്ങൾ ഓഫീസിലെത്തേണ്ടതില്ല. ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധന ഒഴിവാക്കാം.

'കെട്ടിടനി‌ർമ്മാണചട്ട ഭേദഗതിയിൽ അപാകതകളുണ്ട്. വിദഗ്ദ്ധാഭിപ്രായം ആരാഞ്ഞ് വിശദമായ ച‌ർച്ചകൾക്ക് ശേഷമേ നടപ്പാക്കാവൂ.'

- എസ്. കസ്തൂരി രംഗൻ

മുൻ ചീഫ് ടൗൺ പ്ലാനർ

ഏകദിന പെർമിറ്റ് അപ്രസക്തം

3000 സ്‌ക്വയർഫീറ്റ് വരെയുള്ള ഏകവാസഗൃഹങ്ങളുടെ നിർമ്മാണത്തിന് ഒറ്റദിവസം കൊണ്ട് പെർമിറ്റ് നൽകുന്നതിന് ഏകദിന പെർമിറ്റ് സംവിധാനം നിലവിലുണ്ട്. അപേക്ഷ നൽകി 24മണിക്കൂറിനകം അനുബന്ധനിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചാണ് ഉദ്യോഗസ്ഥർ അനുമതി നൽകേണ്ടത്. ഇല്ലെങ്കിൽ വ്യക്തമായ കാരണത്തോടെ നിരസിക്കണം. മുൻകൂർ പെർമിറ്റ് അനിവാര്യമല്ലാതായതോടെ ഏകദിന പെർമിറ്റ് അപ്രസക്തമായി.