psc

തിരുവനന്തപുരം: പി.എസ്.സി മുൻ ചെയർമാനും, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ വിരമിക്കൽ ആനുകൂല്യമായി എട്ടു വർഷം കൈപ്പറ്റിയ അധിക തുക തിരിച്ചുപിടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അധിക തുക എത്രയെന്ന് കണക്കാക്കിവരുന്നു.

കൊച്ചി സ്വദേശിയായ പി.എ. ആന്റണി 2016ൽ നൽകിയ പരാതിയിൽ ധന, നിയമ വകുപ്പുകൾ നടത്തിയ പരിശോധനയിലാണ് ഡോ. രാധാകൃഷ്ണൻ അധിക തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. സംസ്കൃത ദസർവകലാശാലയിൽ റീഡറും പിന്നീട് വൈസ് ചാൻസലറുമായിരുന്ന ഡോ. രാധാകൃഷ്ണൻ അവിടെ നിന്നാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സി ചെയർമാനായി നിയമിതനായത്. പി.എസ്.സി ചെയർമാന്റേത് ഡെപ്യൂട്ടേഷൻ പദവിയാണ്. വിരമിച്ച ഉദ്യോഗസ്ഥർക്ക് മാതൃവകുപ്പിലെ അവസാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ ആനുകൂല്യങ്ങൾ കണക്കാക്കുക. എന്നാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഡോ. രാധാകൃഷ്ണന്, ഡെപ്യൂട്ടേഷൻ പദവിയായ പി.എസ്.സി ചെയർമാന്റെ ഉയർന്ന ശമ്പളത്തെ അടിസ്ഥാനമാക്കി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് 2013ൽ ഉത്തരവിറക്കി. നിയമ, ധനകാര്യ വകുപ്പുകളുടെ എതിർപ്പ് മറികടന്നാണിത്. അക്കൗണ്ടന്റ് ജനറലും ഇതിലെ അപാകതകൾ പിന്നീട് ചൂണ്ടിക്കാട്ടിയിരുന്നു.

മാതൃവകുപ്പിലെ പെൻഷൻ തുക അടിസ്ഥാനമാക്കി ഏഴ് ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ കിട്ടേണ്ടിടത്ത് 14 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ധനവകുപ്പ് കണ്ടെത്തിയത്. പെൻഷൻ കമ്മ്യൂട്ടേഷൻ ഇനത്തിലും കൂടിയ തുക കൈപ്പറ്റി. പെൻഷൻ തുകയും ഇരട്ടിയിലധികമാണ്. അധിക ആനുകൂല്യം കൈപ്പറ്റാൻ അനുവദിച്ചത് ക്രമവിരുദ്ധമായതിനാൽ, മുൻസർക്കാരിന്റെ ഉത്തരവ് റദ്ദാക്കി അധികതുക തിരിച്ചുപിടിക്കണമെന്ന് ധനവകുപ്പ് നിർദ്ദേശിച്ചു. അധിക ആനുകൂല്യമനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് നിയമ വകുപ്പും ചൂണ്ടിക്കാട്ടി.