
തിരുവനന്തപുരം: ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള 'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ മീഡിയ ലിറ്ററസി കാമ്പയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്റർനെറ്റിൽ നിന്ന് യഥാർത്ഥ ഉള്ളടക്കങ്ങൾ കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതിക വിദ്യയെ വിനിയോഗിക്കാൻ പരിശീലിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷതവഹിച്ചു. രണ്ടുഘട്ടങ്ങളായാണ് കാമ്പയിൻ നടത്തുന്നത്. ഒന്നാംഘട്ടത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നു മുതൽ പതിനൊന്ന് വരെ ക്ലാസുകളിലെ (പത്താം ക്ലാസ് ഒഴികെ) കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംപ്രേഷണം ചെയ്യും. രണ്ടാംഘട്ടത്തിൽ സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള 'ലിറ്റിൽ കൈറ്റ്‌സ് " യൂണിറ്റുകൾ വഴിയാണ് പരിശീലനം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സത്യമേവ ജയതേ നടപ്പിലാക്കുന്നത്. ചടങ്ങിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.