off

തിരുവനന്തപുരം: ജില്ലാ കളക്ടർക്ക് പുതിയ ക്യാമ്പ് ഓഫീസും ഔദ്യോഗിക വസതിയും നിർമ്മിക്കാൻ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവ്. കവടിയാർ കൊട്ടാരം വക സ്ഥലങ്ങളിൽ നിന്ന് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 7.2 ഏക്കറിലെ 50 സെന്റ് സ്ഥലമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. സ്ഥലത്തിന്റെ കൈമാറ്റ നടപടികൾ പൂർത്തിയായാൽ മന്ദിര നിർമ്മാണത്തിനുള്ള പ്രോജക്ട് തയ്യാറാക്കും.

ജവഹർ നഗറിലെ സർക്കാർ വക ക്വാട്ടേഴ്സിലാണ് ഇപ്പോൾ ക്യാമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. പുതിയ ക്യാമ്പ് ഹൗസും ഔദ്യോഗിക വസതിയും നിർമ്മിക്കണമെന്ന് കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഉപാധികൾക്ക് വിധേയമായി വേണം പുതിയ മന്ദിര നിർമ്മാണമെന്ന് ഉത്തരവിൽ പറയുന്നു. കവടിയാർ സംരക്ഷണ മേഖലയ്ക്ക് കോട്ടം തട്ടാതെ പൗരാണിക തനിമ നിലനിറുത്തിയാവണം നിർമ്മാണം നടത്തേണ്ടത്. ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ള ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് സ്ഥലം ഉപയോഗിക്കാൻ പാടില്ല. സ്ഥലം പാട്ടത്തിന് നൽകുകയോ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് പണയപ്പെടുത്തുകയോ ചെയ്യരുത്. ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണം.

ഐ.എ.എസുകാർക്ക് ക്വാട്ടേർഴ്സും

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവിൽ ഊന്നിപ്പറയുന്നുണ്ട്.

പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ പാടില്ല. പുരാവസ്തു കമ്മിഷനുമായി ആലോചിച്ചല്ലാതെ ഒരുവിധ നിർമ്മാണവും അനുവദിക്കില്ല. ഇതോടൊപ്പം ഐ.എ.എസുകാർക്ക് താമസത്തിന് കവടിയാറിൽ ക്വാർട്ടേഴ്സ് നിർമ്മിക്കാനും 24 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഐ.എ.എസുകാരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പിനാവും ക്വാർട്ടേഴ്സ് നിർമ്മാണത്തിന്റെ ചുമതല. ആക്കുളത്ത് 2.3 ഏക്കറിൽ മറ്റൊരു മന്ദിര സമുച്ചയവും സിവിൽ സർവീസുകാർക്കായി നിർമ്മിക്കുന്നുണ്ട്.