
മടിക്കൈ: മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനി പി.ആർ. അർഷയുടെ 'ആധിയും വ്യാധിയും മാരിയും മൃത്യുവും കൊണ്ട് ഞാൻ ദുർഗ്ഗയാകും ..' എന്ന് അവസാനിക്കുന്ന വരികളിലെ ആകുലതകൾ മുഖക്കുറിപ്പാക്കി മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ അവതരിപ്പിച്ച കന്നി ബഡ്ജറ്റിൽ പഞ്ചായത്തിലെ ചുവന്ന ഗ്രാമങ്ങളുടെ ഉൾത്തുടിപ്പുകളുണ്ട്. മടിക്കൈ കാർഷിക ഗ്രാമത്തിന്റെ വികസനം ഏത് വിധത്തിലാകണമെന്നതിന്റെ നേർസാക്ഷ്യം മുഖക്കുറിപ്പിലെ ആകുലതകളിലുണ്ട്. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ മാതൃകയിലാണ് ബഡ്ജറ്റ് അവതരണം നടന്നത്.
കാസർകോട് ജില്ലയിൽ പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യഗ്രാമ പഞ്ചായത്തായി മടിക്കൈ മാറിയതും ഏറെ പ്രവർത്തന പാരമ്പര്യമുള്ള പൊതുപ്രവർത്തകരായ പ്രസിഡന്റ് എസ്. പ്രീതയുടെയും വൈസ് പ്രസിഡന്റ് വി. പ്രകാശന്റെയും നാടിനെ കുറിച്ചുള്ള പുതിയ വികസന കാഴ്ചപ്പാടിന്റെ ഫലമാണ്. കുന്നിൻനിരയും പുഴകളും പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള പ്രകൃതിദത്ത ഭൂമിയിൽ പരിസ്ഥിതിയെ മറന്നുള്ള വികസനം പാടില്ലെന്നും തീരുമാനിച്ചിരിക്കുന്നു.
ജൈവകൃഷിക്കും കുടിവെള്ളത്തിനും മാലിന്യസംസ്‌ക്കരണത്തിനും മുൻതൂക്കം നൽകി പഞ്ചായത്തിനെ വികസനത്തിന്റെ കുതിപ്പിലേക്ക് നയിക്കുകയാണ് ഇരുവരുടെയും പ്രധാന ലക്ഷ്യം. യുവജന പ്രസ്ഥാനത്തിലും സി.പി.എം. നേതൃത്വത്തിലും ഏറെകാലം പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി ഭരണസാരഥ്യത്തിലേക്ക് എത്തിയ പ്രകാശന്റെ നല്ല തുടക്കത്തെ ഏവരും അഭിനന്ദിക്കുന്നു. ഒപ്പം മടിക്കൈ പഞ്ചായത്തിനെ വികസനത്തിന്റെ നെറുകയിലെത്തിക്കുമെന്ന പ്രീതയുടെ പ്രതീക്ഷകളെയും.
ജനപങ്കാളിത്തം ഉറപ്പുവരുത്തി ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ഏറ്റെടുക്കുകയും വിഭവ സ്രോതസുകൾ പുഷ്ടിപ്പെടുത്തി പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്തി ജനപക്ഷ വികസനം യാഥാർഥ്യമാക്കും. സാമൂഹ്യനീതിയിലൂടെ സാമ്പത്തിക വികസനം എന്നതാണ് ലക്ഷ്യം .
എസ്. പ്രീത
(പ്രസിഡന്റ്, മടിക്കൈ ഗ്രാമ പഞ്ചായത്ത്)
കേരളത്തിലെ തനതുഫണ്ട് വരുമാനത്തിൽ ഏറ്റവും കുറവുള്ള പഞ്ചായത്താണ് മടിക്കൈ. ഈ കുറവ് നികത്താൻ വിനോദ സഞ്ചാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയും ചെറുപാർക്കുകൾ സ്ഥാപിച്ചും യന്ത്രവൽകൃത ചെങ്കൽ ക്വാറികൾക്ക് പഞ്ചായത്ത് ലൈസൻസ് ഏർപ്പെടുത്തിയും സ്വന്തമായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കും. സാമൂഹ്യനീതി ഉറപ്പുവരുത്തിയുള്ള വികസനം വേഗത്തിലാക്കാൻ ജനങ്ങൾ പിന്തുണയ്ക്കും.
വി. പ്രകാശൻ
(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമ പഞ്ചായത്ത്)