
വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ നിരവധി ജനക്ഷേമ പരിപാടികൾക്ക് ഊന്നൽ നൽകിയുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 15,76,67,192 രൂപ വരവും, 1,56,33,837 രൂപ ചെലവും 13,29,155 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2021- 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു അവതരിപ്പിച്ചു. പ്രസിഡന്റ് എ. താജുന്നീസ അദ്ധ്യക്ഷത വഹിച്ചു. ഉത്പാദന മേഖലയായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, എന്നിവയ്ക്കായി 64,52,050 രൂപയും, സേവന മേഖലയായ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യക്ഷേമം എന്നിവയ്ക്കായി 8,62,60,000 രൂപയും, വൈദ്യുതി, കുടിവെള്ള ശുചിത്വം, മാലിന്യ സംസ്കരണം, മരാമത്ത് പണികൾക്കായി 82,75,500 രൂപയും വകയിരുത്തി.
അറ്റകുറ്റപ്പണികൾക്കായി 88,60,000 രൂപയും, ക്ഷേമ പെൻഷനുകൾക്കായി 1,30,26, 500 രൂപയും വക കൊള്ളിച്ചിട്ടുണ്ട്. ബഡ്ജറ്റ് അവതരണ ചർച്ചയ്ക്ക് ബി.ജെ.പിയിലെ സിന്ധു തുടക്കമിട്ടു. സി.പി.എമ്മിലെ നൗഷാദാണ് അവസാനം സംസാരിച്ചത്. ശാന്തമ്മ, ലാലി, ജൂലി, ഗണേഷ് കുമാർ, നിഷാമോനി, അരുൺ, ഫൈസൽ, അശോകൻ, ജയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ബഡ്ജറ്റ് പാസായതായി വൈസ് ചെയർമാൻ ബിഷ്ണു അറിയിച്ചു. വക്കം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിന്റെ വാർഷിക ബഡ്ജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് (ബി.ജെ.പി) ലാലി അറിയിച്ചു.