sec

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ തസ്തിക നിർണയം പൂർത്തിയായി. 24 വകുപ്പുകളിൽ നിന്ന് 105 തസ്തികകൾ കെ.എ.എസിലേക്ക് മാറ്റിയാണ് ഉത്തരവായത്. സംസ്ഥാന ജി.എസ്.ടി വകുപ്പിലെ അസിസ്റ്റന്റ് കമ്മി​ഷണർമാരുടെ 14 തസ്തികകൾ ഇനി കെ.എ.എസിന്റെ ഭാഗമാണ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നിന്ന് 13 ഉം ധനവിഭാഗത്തിൽ നിന്ന് മൂന്നും ഉൾപ്പടെ 16 അണ്ടർ സെക്രട്ടറിമാരുടെ തസ്തികയും ഇനി കെ.എ.എസിൽ ഉൾപ്പെടും. ജനറൽ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടി കളക്ടർ, ഫിനാൻഷ്യൽ അസിസ്റ്റന്റ് എന്നിവരുടെ ഒൻപത് വീതം തസ്തികയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൂന്നെണ്ണവും കെ.എ.എസിൽ ചേർത്തു. ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.

കെ.എ.എസ് റാങ്ക്പട്ടിക തയാറാക്കൽ പി.എസ്.സി വേഗത്തിലാക്കിയിട്ടുണ്ട്. മൂന്നു കാറ്റഗറികളുടെയും രണ്ടുഘട്ട പരീക്ഷകളും പൂർത്തിയാക്കി. മൂന്നാഴ്ചയ്ക്കകം ആദ്യഫലം പ്രസിദ്ധീകരിക്കും. മാർച്ചിൽ തന്നെ അഭിമുഖം നടത്തി ഏപ്രിൽ മാസത്തിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. മൂന്ന് കാറ്റഗറിയിൽ നിന്നുമായി 35 പേർക്ക് വീതം നിയമനം നൽകാനാണ് തീരുമാനം.