kerala-bank

തിരുവനന്തപുരം: കേരള ബാങ്കിൽ ദിവസവേതന, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 1800ഓളം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിർദ്ദേശിച്ചുള്ള കേരള ബാങ്ക് സി.ഇ.ഒയുടെ ഫയൽ സഹകരണവകുപ്പ് സെക്രട്ടറി മടക്കി. ഇതേത്തുടർന്ന് ഇത് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയില്ല. 880 കളക്‌ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവരെയാണ് സ്ഥിരപ്പെടുത്താനായി ഫയൽ നീക്കിയത്. പി.എസ്.സി വഴിയുള്ള നിയമനം തടസപ്പെട്ടെന്ന കാരണത്താൽ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഈ മാസം അഞ്ചിനാണ് സഹകരണവകുപ്പിന് കൈമാറിയത്. എന്നാൽ ഇത്തരത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തികബാദ്ധ്യത സംബന്ധിച്ച് പഠനമൊന്നും നടത്തിയില്ലെന്ന് കാട്ടിയാണ് ഈ മാസം 9ന് ഫയൽ മടക്കിയിരിക്കുന്നത്. സഹകരണ രജിസ്ട്രാർ ഇക്കാര്യം പരിശോധിക്കുകയോ ശുപാർശ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സഹകരണവകുപ്പ് സെക്രട്ടറിയുടെ മറുപടിക്കത്തിൽ വ്യക്തമാക്കുന്നു. കൂട്ടസ്ഥിരപ്പെടുത്തൽ നിർദ്ദേശത്തിന് മുന്നോടിയായി നടത്തേണ്ട പ്രവൃത്തിപഠനം നടന്നിട്ടില്ല. അതിനാൽ നിർദ്ദേശം പരിഗണിക്കാനാവില്ലെന്നും ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം പുതിയ നിർദ്ദേശം സമർപ്പിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചു.

കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ

180പേരെ സ്ഥിരപ്പെടുത്താൻ നീക്കം

കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ പത്ത് വർഷം പൂർത്തിയാക്കിയ 180 പേരെ സ്ഥിരപ്പെടുത്താനാവശ്യപ്പെട്ടുള്ള ഫയൽനീക്കവും ആരോഗ്യവകുപ്പിൽ ആരംഭിച്ചു. ഈ മാസം ആറിന് ഇതുസംബന്ധിച്ച ഫയൽ ആരോഗ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭായോഗത്തിൽ സമർപ്പിക്കാനായി നിയമമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭായോഗത്തിൽ ഇതെത്തിയേക്കുമെന്നാണ് സൂചനകൾ.