psc

തിരുവനന്തപുരം: തങ്ങൾ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ലെന്നും ഇടതുപക്ഷ പ്രവർത്തകരാണെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചട്ടുകങ്ങളാണെന്ന തരത്തിൽ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ,തങ്ങളുടെ രാഷ്ട്രീയം തുറന്നുപറയേണ്ട അവസ്ഥയിലെത്തിയതെന്ന് അവർ പറഞ്ഞു..'അറിവായ കാലം മുതൽ ഇടതുപക്ഷത്തിൽ വിശ്വസിച്ചയാളാണ്,വീട്ടുകാരും അതെ. രാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാനല്ല,ജീവിക്കാന ഒരു ജോലിക്കു വേണ്ടിയാണ് ഈ സമരം.'-ഇടുക്കി ജില്ലയിലെ എൽ.ജി.എസ് റാങ്ക് പട്ടികയിൽ 346-ാം റാങ്കുകാരനായ വിജേഷ് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരിയായതിൽ അഭിമാനം കൊള്ളുന്നവളാണ് ഞാൻ. ഞങ്ങളെ ആരും ഇളക്കിവിട്ടതും ക്ഷണിച്ചതുമല്ല. മന്ത്രി മേഴ്സിക്കുട്ടിഅമ്മയെയും, ചിന്താ ജെറോമിനെയും

നേരിൽക്കണ്ട് പരാതി ധരിപ്പിച്ചിരുന്നു- കൊല്ലം സ്വദേശിനി രമ്യ പറഞ്ഞു. കൊല്ലം എൽ.ജി.എസ് റാങ്ക് പട്ടികയിൽ 683ാം റാങ്കുകാരിയാണ് രമ്യ. സർക്കാരിനെതിരായ സമരമല്ല, ഗതികേട് കൊണ്ടാണ് വന്നത്. ഇടതുപക്ഷ സർക്കാർ നീതി കേടാണ് ചെയ്യുന്നതെന്ന് പറയുന്നതിൽ വേദനയുണ്ടെന്നും അവർ പറഞ്ഞു. ഇടതുപക്ഷ വിശ്വാസികലാണ് ഞാനും കുടുംബവുമെന്ന് കോട്ടയം എൽ.ജി.എസ് റാങ്ക് പട്ടികയിലെ 715-ാംറാങ്കുകാരിയായ തിരുവനന്തപുരം സ്വദേശിനി സോഫിതയും പറഞ്ഞു.

നിരന്തരമായ സൈബർ ആക്രമണം ജീവന് ഭീഷണിയാകുന്നതിനാൽ സൈബർ സെല്ലിൽ പരാതി നൽകിയതായി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയാ രാജേഷ് പറഞ്ഞു. സമരത്തിൽ രാഷ്ട്രീയം കാണാതെ തങ്ങൾക്കും നിയമനം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് റിജുവും പറഞ്ഞു.