adi

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും യുവമോർച്ച, മഹിളാമോർച്ച, എ.ബി.വി.പി സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചുകളിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ എം.ജി റോഡിൽ ഗതാതഗതം സ്തംഭിച്ചു. സംഘർഷം സൃഷ്ടിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും 50 പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

എ.ബി.വി.പി മാർച്ചാണ് ആദ്യം എത്തിയത്. പാളയത്തു നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൊട്ടുപിന്നാലെയെത്തിയ മഹിളാമോർച്ചാ പ്രവർത്തകരും ബാരിക്കേ‌ഡ് മറികടക്കാൻ ശ്രമിച്ചതോടെ ഇവർക്കും നേരെയും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

പിന്നാലെയെത്തിയ യുവമോർച്ച മാർച്ചിന് നേരെയും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ കൊടികെട്ടിയ കമ്പുകൾ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നതോടെ കണ്ണീർവാതകം പ്രയോഗിച്ചു. പിന്തിരിയാതെ റോഡിൽ കുത്തിയിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

സംസ്ഥാന സമിതി അംഗം ഗ്രീഷ്മ എം. തമ്പി എ.ബി.വി.പി മാർച്ച് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, സംസ്ഥാന സമിതി അംഗങ്ങളായ സ്റ്റെഫിൻ സ്റ്റീഫൻ, ശേഖർ ജി. തമ്പി തുടങ്ങിയവർ പങ്കെടുത്തു. യുവമോർച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഭുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി.എൽ. അജേഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോദ്ധ്യ, കരമന പ്രവീൺ, പൂജപ്പുര ശ്രീജിത്ത്‌, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, കിരൺ, മാണിനാട് സജി, ചൂണ്ടിക്കൽ ഹരി, കവിത സുബാഷ്, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി. മഹിളാ മോർച്ച മാർച്ചിന് ആർ.വി. രാകേന്ദു, ജയ രാജീവ്, ശ്രീകല എന്നിവർ നേതൃത്വം നൽകി.