
ഡോ.ബി.അശോക് പ്രസിഡന്റാവും
തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷനിൽ ഇതാദ്യമായി തിരഞ്ഞെടുപ്പ്. ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു ഇതുവരെ. 14ന് ഓൺലൈനായി നടത്തുന്ന തിരഞ്ഞെടുപ്പിന് 15 പേർ പത്രിക നൽകിയിട്ടുണ്ട്.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കെ.ടി.ഡി.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ട്രഷറർ സ്ഥാനത്തേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ്. ചീഫ്സെക്രട്ടറിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ജി.ആർ ഗോകുലും ജൂനിയർ ഉദ്യോഗസ്ഥനായ സ്വാഗത് ഭണ്ഡാരിയുമാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരത്തിനുള്ളത്. കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്യം സെക്രട്ടറിയാവും. 15ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.
എതിരില്ലാത്ത തിരഞ്ഞെടുക്കപ്പെടുന്ന മറ്റുള്ളവർ - എംപ്ലോയ്മെന്റ് ഡയറക്ടർ എസ്.ചിത്ര (അസി.ട്രഷറർ), കെ.എസ്.എ.ഡി.സി എക്സിക്യുട്ടീവ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, കണ്ണൂർ കളക്ടർ ടി.വി സുഭാഷ് (ജോയിന്റ് സെക്രട്ടറിമാർ), ദുരന്തനിവാരണ കമ്മിഷണർ എ.കൗശിഗൻ, കൊല്ലം കളക്ടർ ബി.അബ്ദുൾ നാസർ, മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണൻ, സാമൂഹ്യനീതി ഡയറക്ടർ ഷീബാ ജോർജ്ജ്, കെ.ടി.ഡി.സി എം.ഡി വി.ആർ.കൃഷ്ണതേജ, തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ, കോഴിക്കോട് സബ് കളക്ടർ ജി.ആർ പ്രിയങ്ക, തലശേരി സബ് കളക്ടർ അനുകുമാരി (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ). 148 ഐ.എ.എസ് ഉദ്യോഗസ്ഥരാണ് അസോസിയേഷനിലുള്ളത്. ഇതിൽ 103പേർക്കാണ് വോട്ടവകാശം..