
തിരുവനന്തപുരം: ബി.ജെ.പി എം.എൽ.എ ആയതിനാൽ സംസ്ഥാന സർക്കാർ നേമത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിക്കെതിരെ തിരുമല പുത്തൻകടയിൽ ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനകാര്യത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനെ പോലെ നിലപാട് എടുത്തെങ്കിൽ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് മോദി സർക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബി.ജെ.പി പെരുമാറിയതെങ്കിൽ കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ അനുവദിക്കില്ലായിരുന്നു. കേന്ദ്രത്തിന്റെ സഹായത്തെ പറ്റി പിണറായിക്കും സുധാകരനും വരെ സമ്മതിക്കേണ്ടി വന്നു.
കേന്ദ്രപദ്ധതികൾ നടപ്പാക്കുന്ന പോസ്റ്റുമാന്റെ ജോലി മാത്രമാണ് സംസ്ഥാന സർക്കാരിന്. വിദേശത്ത് പോയി കൂടുതൽ പലിശയ്ക്ക് പണം വാങ്ങി അത് കൊള്ളയടിച്ച് ജനങ്ങളെ ജാമ്യം വയ്ക്കുകയാണ് സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് സി.എ.ജിക്കെതിരെ പ്രമേയം പാസാക്കേണ്ടി വരുന്നത്. അഞ്ചുവർഷകാലം ഒ. രാജഗോപാൽ നടപ്പാക്കിയ വികസനം മുൻനിറുത്തിയാണ് ബി.ജെ.പി നേമത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധൈര്യമുണ്ടെങ്കിൽ ഇടതുവലത് മുന്നണികൾ ബി.ജെ.പിക്കെതിരെ ഒരുമിച്ച് മത്സരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു.