
പഞ്ചായത്ത് മെമ്പർ റിസോഴ്‌സ് പേഴ്‌സൺ
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക തനിമയും ഗ്രാമീണാന്തരീക്ഷവും വിദേശവിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാനും ഗ്രാമമേഖലയിലെ ജനങ്ങൾക്ക് വരുമാനം ലഭ്യമാക്കാനുമായി ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം (റെസ്പോൺസിബിൾ ടൂറിസം) എല്ലാ പഞ്ചായത്തിലേക്കും. ഇതിനായി ആയിരം ഗ്രാമസഭകൾ നടത്താനുള്ള പദ്ധതി ആരംഭിച്ചു. നിലവിൽ 100ൽ താഴെ പഞ്ചായത്തുകളിലാണ് ഉത്തരവാദിത്ത ടൂറിസമുള്ളത്.
റെസ്പോൺസിബിൾ ടൂറിസം മിഷനെക്കുറിച്ച് അവബോധം നൽകാനും റിസോഴ്‌സ് പേഴ്‌സണായി പ്രവർത്തിക്കാനും പഞ്ചായത്ത് മെമ്പർമാർക്ക് പരിശീലനം നൽകും. മെമ്പർമാരുടെ ചുമതലയിലാകും ഓരോ പഞ്ചായത്തിലും ഉത്തരവാദിത്ത ടൂറിസം പ്രവർത്തനവും യൂണിറ്റുകൾ ആരംഭിക്കുന്നതും. കഴിഞ്ഞ വാർഷിക പദ്ധതിയിൽ 15 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഫെബ്രുവരി വരെ 23 കോടി രൂപ വരുമാനം നേടിയിരുന്നു.
റെസ്പോൺസിബിൾ ടൂറിസം
ടൂറിസവുമായി തദ്ദേശീയരെ ബന്ധിപ്പിക്കാനാണ് പദ്ധതി. കേരളത്തിലെ ആഘോഷങ്ങളും കലാരൂപങ്ങളും തൊഴിലും ജീവിതരീതിയുമെല്ലാം തനത് രീതിയിൽ വിദേശികൾക്ക് കണ്ടറിയാം. തഴപ്പായ നെയ്ത്ത്, ഓലമെടയൽ, കള്ളു ചെത്ത്, കലം നിർമ്മാണം, നെയ്‌ത്ത്, വിവിധ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയവ മനസിലാക്കാനും പരിശീലിക്കാനും അവസരം നൽകും. വിദേശികളിൽ നിന്ന് പാക്കേജ് അടിസ്ഥാനത്തിൽ ഈടാക്കുന്ന തുക ഇത്തരം തൊഴിൽ ചെയ്യുന്നവർക്ക് നൽകും. വിദേശികൾക്ക് വീടുകളിൽ പാകം ചെയ്യുന്ന തനിനാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഇതിലൂടെ വീട്ടമ്മമാർക്കും വരുമാനം ലഭിക്കും