
തിരുവനന്തപുരം: മാവോയിസ്റ്റ് എന്ന മുദ്രക്കുത്തപ്പെടുന്ന ആദിവാസി കൗമാരക്കാരന്റെ കഥ പറയുന്ന 'കോസ' മുതൽ മനസിനെ ഭ്രമിക്കുന്ന കാഴ്ചകളൊരുക്കിയ 'ചുരുളി'വരെ. മാറുന്ന സിനിമാ സമവാക്യത്തിന്റെ മാത്രല്ല വ്യക്തമായ രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ രണ്ടാം ദിനത്തിലെ ചിത്രങ്ങൾ.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ ഭൂമിയിൽ ആദിവാസികളുടെ നിലനിൽപ്പ് നേരിടുന്ന വെല്ലുവിളികളും അവനെ മുതലെടുക്കുന്ന ശക്തികളേയും അടയാളപ്പെടുത്തുന്ന ചിത്രമാണ് മത്സര വിഭാഗത്തിൽ ഇന്നലെ ആദ്യം പ്രദർശിപ്പിച്ച ഹിന്ദി ചിത്രം 'കോസ'. കഥാ നായകനായ പതിനേഴുകാരൻ കോസ ക്രൂശിക്കപ്പെടുന്നത് അതേ പേരിൽ 30കാരനായ നക്സൽ നേതാവ് ഉള്ളതുകൊണ്ടാണ്. നിയമത്തിന്റെ നൂലാമലാകൾ, ആക്ടിവിസം, മാദ്ധ്യമ പ്രവർത്തനം എല്ലാം സിനിമയിൽ കടന്നു വരുന്നു. ആദിവാസികളുടെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തി പിഎച്ച്.ഡി നേടിയ സംവിധായകൻ അവരുടെ ജീവിതത്തിലേക്ക് കാമറ തിരിച്ചത് പച്ചയായ യാഥാർത്ഥ്യങ്ങളെ പുറംലോകത്തെ കാണിക്കാൻ വേണ്ടികൂടിയാണ്. നക്സലിസം കേരളത്തിലും ചർച്ചയാകുന്ന ഈ കാലത്താണ് 'കോസ' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയത്.
നിയമവാഴ്ചയുടെ മറ്റൊരു വശമാണ് മത്സരവിഭാഗത്തിൽ മലയാളത്തിന്റെ പ്രതീക്ഷ 'ചുരുളി' കാട്ടിത്തരുന്നത്. ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്ന ചുരുളി എന്ന വന ഗ്രാമത്തിലേക്ക് കടന്നെത്തുന്ന രണ്ട് പൊലീസുകാരെ ചുറ്റിപ്പറ്റിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ചുരുളി'യുടെ കഥ പുരോഗമിക്കുന്നത്. തുടക്കത്തിൽ റിയലിസ്റ്റിക് രീതിയിൽ മുന്നേറുന്ന സിനിമ പിന്നെ മനസുകളെ ഭ്രമിക്കുന്ന ഫ്രെയിമുകളിൽ പ്രേക്ഷകരെ കുരുക്കിയിടുന്നു. ഇന്നലെ ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ കാണാൻ തിരഞ്ഞെുത്തത് 'ചുരുളി'യായിരുന്നു.
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ബ്രസീലിയൻ ചിത്രം 'മെമ്മറി ഹൗസി'ന്റേയും പശ്ചാത്തലം വനം തന്നെ. ഗോത്രവംശത്തിൽ പിറന്ന ക്രിസ്റ്റോവത്തിന്റെ അലച്ചിലിന്റെ കഥയാണ് ജാവോ പൗലോ പറയുന്നത്. ബേഡ് വാച്ചിംഗ്. ബിലേസുവർ എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മറ്ര് ചിത്രങ്ങൾ. മറവിരോഗം ബാധിച്ച അദ്ധ്യാപിക തന്റ മറിവിയിലേക്കുള്ള യാത്രയെ കുറിച്ച് സിനിമ എടുക്കുന്ന ആന്ത്രേ മാർത്തിനസ് സംവിധാനം ചെയ്ത മെക്സിക്കൻ ചിത്രം 'ബേഡ് വാച്ചിംഗ് ' പറയുന്നത്. അസർബെജാനിലെ ബിലേസുവർ പ്രദേശത്ത് നടക്കുന്ന അഞ്ച് കഥകളാണ് എൻവിൻ അദിഗോസേൽ സംവിധാനം ചെയ്ത 'ബിലേസുവർ'
മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ആദരവ് അർപ്പിച്ച് അദ്ദേഹത്തിന്റെ' സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ്' എന്ന ചിത്രം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.