saritha-s-nair

തിരുവനന്തപുരം: സരിതാ എസ്.നായർ ഉൾപ്പെട്ട ജോലിതട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നെയ്യാറ്റിൻകര മുൻ സി.ഐ ശ്രീകുമാരൻ നായരോട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ വിശദീകരണം തേടി. കേസ് അനിശ്ചിതമായി വൈകിയെന്നതിന്റെ കാരണം വിശദമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ കൊല്ലം ജില്ലയിലേക്ക് സ്ഥലം മാ​റ്റിയിരുന്നു. കെ.ടി.ഡി.സി, ബെവ്‌കോ എന്നിവിടങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് സരിത ഉൾപ്പടെയുള്ളവർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാ​റ്റിൻകര പൊലീസ് ഇതിൽ കേസ് രജിസ്​റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. കേസന്വേഷണം മുന്നോട്ടുപോയില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം സരിതയുടേതെന്ന പേരിൽ ശബ്ദരേഖകൾ പുറത്തുവന്നത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും അതിനാൽ അവരെ പിഴിയുകയാണെന്നുമാണ് ശബ്ദരേഖയിൽ പറഞ്ഞിരുന്നത്. സരിതയ്ക്ക് പണം നൽകിയെന്ന തരത്തിലുള്ള വാട്ട്സാപ്പ് ചാ​റ്റിന്റെ സ്‌ക്റീൻ ഷോട്ടുകളും പരാതിക്കാർ പുറത്തുവിട്ടിരുന്നു. ഇതോടെയാണ്, ഡി.ഐ.ജി ഫയലുകൾ വിളിച്ചുവരുത്തി പരിശോധിച്ച ഡി.ഐ.ജി, അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് സി.ഐയോട് വിശദീകരണം തേടിയത്.