pinarayi-vijayan

വിവാദങ്ങൾക്ക് പിറകേ പോകേണ്ടെന്നും നിർദ്ദേശം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനവാരം പാർട്ടി നിർദ്ദേശിച്ചിരുന്ന ഗൃഹസന്ദർശന പരിപാടിയിൽ വിവിധ ജില്ലകളിൽ വീഴ്ചകൾ വന്നിട്ടുണ്ടെന്ന് സി.പി.എം. പലേടത്തും ഇത് ശരിയായ വിധത്തിൽ പൂർത്തീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിനെ തുടർന്ന്, ഇന്നലെ സംസ്ഥാനതലത്തിൽ വിളിച്ചുചേർത്ത ശില്പശാലയിൽ മുഖ്യമന്ത്രി കടുത്ത സ്വരത്തിൽ വിമർശനമുന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, മണ്ഡലം സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ശില്പശാല. പി.ബിയെ പ്രതിനിധീകരിച്ച് കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു.

പാർട്ടി കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും വീഴ്ചകൾ അനുവദിക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വിമർശനം ആവർത്തിച്ചു. പാർട്ടി തീരുമാനങ്ങൾ ഭാഗികമായി പൂർത്തിയാക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ വിജയരാഘവൻ, എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥകൾ ഓരോ ജില്ലയിലുമെത്തുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസം മറ്റ് പരിപാടികളെല്ലാം മാറ്റി വച്ച് ഗൃഹസന്ദർശന പരിപാടികൾ പൂർത്തീകരിക്കാനും സർക്കാരിന്റെ ക്ഷേമ, വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കണമെന്നും നിർദ്ദേശിച്ചു.

പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഊതിപ്പെരുപ്പിക്കുന്ന വിവാദങ്ങൾക്ക് പിറകേ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ വികസന, ക്ഷേമ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തന്നെ ജനങ്ങളിലേക്കിറങ്ങണം. വിവിധ വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമമുണ്ടെങ്കിലും സ്വർണക്കടത്ത് കേസ് പോലെ എല്ലാം കെട്ടടങ്ങും. ശബരിമല വിഷയത്തിൽ അനാവശ്യ വിവാദമുയർത്താനാണ് ശ്രമം. വിശ്വാസികൾ ഇത്തവണ സജീവമാവുകയും നല്ല നിലയിൽ തന്നെ ഉത്സവം നടക്കുകയുമുണ്ടായി. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നിട്ട് എല്ലാവരുമായും ചർച്ച നടത്തി സമവായത്തിലെത്തിയേ തീരുമാനമെടുക്കൂ. യു.ഡി.എഫ് പ്രചാരണം എൻ.എസ്.എസ് നേതൃത്വത്തിന് പോലും ഇഷ്ടപ്പെട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നടത്തിയത് ഈ സർക്കാരാണ്. ഇനിയും നിയമനം നടക്കാനിരിക്കുന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ചിലപ്പോൾ താത്കാലിക നിയമനം അനിവാര്യമായി വരും. യു.ഡി.എഫ് ഭരണകാലത്തുൾപ്പെടെ അത്തരത്തിൽ നിയമിക്കപ്പെട്ടവരെ മാനുഷിക പരിഗണനയുടെ പേരിലാണ് സ്ഥിരപ്പെടുത്തുന്നത്.

ഇടതു തുടർഭരണം തടയാൻ ഏതുവിധേനയും യു.ഡി.എഫ് ശ്രമിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ പിന്മാറുന്നതായി നടിച്ചെങ്കിലും നിയമസഭാതിരഞ്ഞെടുപ്പിൽ അവർ ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുമായി കൂട്ടുകെട്ട് ശക്തമായി തുടരുമെന്ന് തന്നെ കരുതണം. കോൺഗ്രസിനും ബി.ജെ.പിക്കും കാർഷിക, തൊഴിൽ നിയമങ്ങളിൽ ഒരേനയമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മുന്നണിയിലെ ചെറുഘടകകക്ഷികളെയടക്കം ഇഴചേർത്ത് ഒറ്റ മനസ്സോടെ മുന്നോട്ട് നയിക്കാനാവണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.