
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. പൊലീസ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വംയഭരണം സംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് വാർക്‌സിൻ ലഭ്യമാക്കും. തിരുവനന്തപുരത്ത് ഡി.ജി.പി ലോക്‌നാഥ് ബഹ്റ, എ.ഡി.ജി.പി. മനോജ് എബ്രഹാം, ജില്ലാ കളക്ടർ നവജ്യോത് ഖോസ, എറണാകളത്ത് എ.ഡി.എം. കെ.എ. മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവരുൾപ്പടെ ആദ്യദിനം 5450 പേർ വാക്‌സിൻ സ്വീകരിച്ചു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ചത് 1442. ആലപ്പുഴ 555, എറണാകുളം 88, കൊല്ലം 660, കോട്ടയം 606, കോഴിക്കോട് 163, പാലക്കാട് 824, തിരുവനന്തപുരം 1442, വയനാട് 1112 എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. അതേസമയം സംസ്ഥാനത്ത് ഇതുവരെ 3,38,365 ആരോഗ്യ പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു.
രണ്ടാംഘട്ടത്തിൽ 1,29,258 പേർ
ആഭ്യന്തര വകുപ്പ് ജീവനക്കാർ 78,701
മുൻസിപ്പാലിറ്റി ജീവനക്കാർ 6,600
റവന്യൂ വകുപ്പ് ജീവനക്കാർ 16,735
പഞ്ചായത്ത് ജീവനക്കാർ 27,222
' വാക്‌സിൻ എടുത്തതോടെ ആത്മവിശ്വാസം വർദ്ധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എത്രയും വേഗം പൊലീസുകാർക്കുള്ള വാക്‌സിനേഷൻ പൂർത്തിയാക്കും.'
-ലോക്‌നാഥ് ബഹ്റ, ഡി.ജി.പി