kk

തിരുവനന്തപുരം : നഗരത്തിലെ മാലിന്യസംസ്കരണ പദ്ധതികൾ കാര്യക്ഷമമാക്കാൻ കോർപറേഷന്റെ നേതൃത്വത്തിൽ 'അണിചേരാം അഴകാർന്നൊരു അനന്തപുരിയ്ക്കായി' എന്ന പേരിൽ കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 19 മുതൽ 25 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. 19ന് നഗരത്തിലെ മ്യൂസിയം ആർ.കെ.വി റോഡ്, പേരൂർക്കട മാർക്കറ്റ്, പാളയം ട്രിഡ കോമ്പൗണ്ട്, മണക്കാട് മാർക്കറ്റ്, മെഡിക്കൽ കോളേജ് ട്രിഡ കോമ്പൗണ്ട് എന്നിവിടങ്ങളിലായി പദ്ധതിയുടെ ഉദ്ഘാടനം നടക്കും. യുവജനസംഘടനകൾ, റസിൻഡന്റ്സ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, വ്യാപാരി-വ്യവസായി സംഘടനകൾ, സർവീസ് സംഘടനകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കെടുപ്പിച്ചാണ് ശുചീകരണം നടത്തുന്നത്.

അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി ശേഖരിച്ച് പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ കൈമാറും. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റും. ഇവിടങ്ങളിൽ ആവശ്യമെങ്കിൽ സ്ഥിരം സംസ്‌കരണ കേന്ദ്രങ്ങളും ഒരുക്കും. നിലവിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഹെൽത്ത് സർക്കിൾ ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്ക് മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷനിൽ സ്‌പോട്ട് ടു ഡമ്പ് എന്ന ലിങ്ക് ക്രമീകരിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരും സെക്രട്ടറിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മാലിന്യം കൊടുക്കാം പർച്ചേസ് ചെയ്യാം!

തരംതിരിച്ച് കൈമാറുന്ന അജൈവമാലിന്യങ്ങളിൽ വില നൽകാൻ കഴിയുന്നവയ്ക്ക് അത് നൽകാൻ ഗ്രീൻ ക്രെഡിറ്റ് കാർഡ് സംവിധാനം നിലവിൽ വരുന്നു. ക്ലീൻ കേരള കമ്പനി നിശ്ചയിച്ചിട്ടുള്ള നിരക്ക് പൊതുജനങ്ങൾക്ക് നൽകും. ഇതിനായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ സംവിധാനമൊരുക്കും. കൈമാറുന്ന അജൈവമാലിന്യത്തിന്റെ പണം ഗ്രീൻ ക്രെഡിറ്റ് കാർഡിലേക്ക് നിക്ഷേപിക്കും. ഈ കാർഡ് ഉപയോഗിച്ച് നഗരത്തിലെ തിരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നും മേയർ അറിയിച്ചു.

നേതൃത്വം നൽകുന്നത് ഇവർ

യുവജനസംഘടനകൾ

റസിഡന്റ്സ് അസോസിയേഷനുകൾ

തൊഴിലാളി സംഘടനകൾ

വ്യാപാരി-വ്യവസായി സംഘടനകൾ

സർവീസ് സംഘടനകൾ

വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ

സന്നദ്ധ സംഘടനകൾ