mannau

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിന്ന് രാസവസ്തുക്കൾ അടങ്ങിയ മാലിന്യം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്‌കർഷിക്കുന്ന വിധത്തിൽ സുരക്ഷയൊരുക്കിയ ശേഷം മാത്രമേ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കൂവെന്നും നാട്ടുകാർ. ഇതുസംബന്ധിച്ച് വെട്ടുകാട് ദേവാലയത്തിലെ പാരിഷ് ഹാളിൽ ഇന്നലെ രാവിലെ മുതൽ നടന്ന ഇടവകാംഗങ്ങളുടെ മാരത്തോൺ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വൈകിട്ടോടെ ഇടവകാംഗങ്ങൾ മലിനജലം ഒഴുക്കുന്ന ഓട ആരംഭിക്കുന്ന കലുങ്കിന്റെ മുൻഭാഗം മണ്ണിട്ട് അടച്ചു.

കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി എന്നീ ഇടവകകളുടെ വികാരിമാരും അംഗങ്ങളും സംയുക്ത യോഗം ചേർന്നായിരുന്നു തീരുമാനമെടുത്തത്. ഇടവക കോസ്റ്റൽ അപലേറ്റ് അസോസിയേഷനും ഇടവക ജാഗ്രത സമിതിയും യോഗം ചേർന്നിരുന്നു.
ഫർണസ് ഓയിൽ ഒഴുകിയത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അന്തരീക്ഷ, ജല മലിനീകരണം അനുഭവിക്കുന്നവർക്ക് പരിഹാരമെന്നോണം ജോലി നൽകണമെന്നും വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയം വികാരി റവ. ഡോ. ജോർജ്ജ് ജെ. ഗോമസ് ആവശ്യപ്പെട്ടു.

കടലിലേക്ക് മാലിന്യം ഒഴുക്കിവിടാൻ നിർമിച്ചിട്ടുള്ള ഓടയിലൂടെയാണ് കഴിഞ്ഞ ദിവസം ഫർണസ് ഓയിൽ ഒഴുകിയിറങ്ങിയത്. മാലിന്യം ഒഴുകുന്ന മേഖലയായ ഓടവിളാകം എന്ന സ്ഥലത്ത് അൻപതോളം മത്സ്യതൊഴിലാളി കുടുംബങ്ങളാണുള്ളത്. എന്നാൽ ഇവരിലാർക്കും കമ്പനിയിൽ ജോലി നൽകിയിട്ടില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനും കഴിയുന്നില്ല. ആസിഡിന്റെ അംശമുള്ള മാലിന്യം ഒഴുകിയെത്തുന്ന കടലിൽ ഇടുന്ന വല നാളുകൾക്കുള്ളിൽ ദ്രവിച്ചുപോകുന്നതായി പ്രദേശവാസിയായ ഡേവിഡ് പറയുന്നു. ഇതിനാൽ വലിയ കഷ്ടപ്പാടാണ്. മേഖലയിലെ കടൽ വെള്ളത്തിന് പോലും ചുവന്ന നിറമാണ്. മഴക്കാലത്ത് ആസിഡ് കലർന്ന വെള്ളം കയറി വീട്ടിലെ ഉപകരണങ്ങൾ അടക്കം ദ്രവിക്കുന്നതായും പരാതിയുണ്ട്.


പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: ടെറ്റാനിയത്തിൽ നിന്ന് ചോർന്ന ഫർണസ് എണ്ണ കലർന്ന മണൽ 90ശതമാനവും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ ആരംഭിച്ച മണൽ നീക്കം ചെയ്യൽ ഇന്നലെയും തുടർന്നു. കടലിലേക്ക് ഒഴുകിയിറങ്ങിയ എണ്ണ ശക്തമായ തിരയിൽ തിരികെ തീരത്ത് അടിയുകയാണ്. ഏകദേശം നാല് കിലോമീറ്ററിലധികം ദൂരത്തിൽ തീരത്ത് എണ്ണയുടെ അംശങ്ങൾ അടിയുന്നുണ്ട്. ആദ്യ റൗണ്ടിൽ മണൽ കോരിമാറ്റിയതിന് ശേഷവും പിന്നീടുണ്ടാകുന്ന ഓരോ തിരയിലൂടെയും എണ്ണ തീരത്ത് അടിയുന്നുണ്ട്.

ഏകദേശം 5000 ലിറ്റർ ഫർണസ് ഓയിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ ചോർന്നത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചപ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയിൽ പടർന്നിരുന്നു. സൾഫർ ഉൾപ്പെടെ രാസവസ്തുക്കളുള്ള എണ്ണയായതിനാൽ ഇത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. അതിനാൽ ഇന്നുകൂടി കടലിൽ ഇറങ്ങരുതെന്ന നിർദേശം ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം കമ്പനിയുടെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. കടലിൽ എണ്ണ പരന്ന സാഹചര്യത്തിൽ വേളി, ശംഖുമുഖം കടൽതീരങ്ങളിലും കടലിലും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ജില്ലാ ഭരണകൂടെ താത്കാലിക വിലക്ക് ഏർപ്പെടുത്തി. സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പിന്നീട് പ്രദേശവാസികൾക്ക് കമ്പനി നൽകുമെന്നും അറിയിച്ചിട്ടുണ്ട് .