jose

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിയുടെ വരവ് ഇടതുമുന്നണിക്ക് ഗുണമുണ്ടാക്കിയെന്ന് സി.പി.ഐയുടെ വിലയിരുത്തൽ. ഇന്നലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണിത്. അനുബന്ധ റിപ്പോർട്ടുകളിൽ പക്ഷേ പത്തനംതിട്ട, ഇടുക്കി ജില്ലാ ഘടകങ്ങൾ ജോസിന്റെ വരവിൽ കാര്യമായ നേട്ടമുണ്ടായില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുന്നണിക്ക് ഗുണമായിട്ടുണ്ടെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സർക്കാരിനെതിരെ വിവാദങ്ങൾ പ്രതിപക്ഷം ഉയർത്തിയിട്ടും അതിനെ അതിജീവിക്കുന്ന വിജയമുണ്ടാക്കാനായത് തുടർഭരണ സാദ്ധ്യത നൽകുന്നു. ഈ അനുകൂലസാഹചര്യം നിലനിറുത്താനുതകുന്ന പ്രവർത്തനം ഉണ്ടാകണം. ഇതിന്മേലുള്ള ചർച്ചയും ദേശീയ കൗൺസിൽ തീരുമാനത്തിന്റെ റിപ്പോർട്ടിംഗുമാണ് ഇന്നലെ പ്രധാനമായും നടന്നത്.

ഇന്ന് രാവിലെ 9ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്ന ശേഷം രാവിലെ 11ന് വീണ്ടും സംസ്ഥാന കൗൺസിൽ ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടേം മാനദണ്ഡമടക്കമുള്ള വിഷയങ്ങളിലേക്ക് യോഗം ഇന്ന് കടക്കും. ഇടതുമുന്നണിയിലെ ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങളും ഇന്ന് യോഗത്തെ അറിയിച്ചേക്കും.