ldf

സീറ്റ് വിഭജനത്തിൽ കടുംപിടിത്തം വേണ്ടെന്ന് ധാരണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതുമുന്നണി നേതൃത്വം. പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ നേതാക്കൾ തമ്മിലെ കൂടിക്കാഴ്ചയോടെയാണ് ഇതിന് തുടക്കമായത്. മുന്നണി വിപുലീകരിക്കപ്പെട്ട സാഹചര്യത്തിൽ, സീറ്റുകളിൽ കടുംപിടിത്തം വേണ്ടെന്നാണ് ധാരണ..

സി.പി.എമ്മിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സി.പി.ഐയിൽ നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനുമാണ് എ.കെ.ജി സെന്ററിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ലോക് താന്ത്രിക് ജനതാദളും കേരള കോൺഗ്രസ്-എമ്മും മുന്നണിയിൽ പുതുതായെത്തിയ പാർട്ടികളായതിനാൽ, മറ്റെല്ലാ കക്ഷികളുമായും നടത്തേണ്ട ഉഭയകക്ഷി ചർച്ചയിൽ സ്വീകരിക്കേണ്ട പൊതുമാനദണ്ഡം ചർച്ച ചെയ്തു.

കക്ഷികൾ സീറ്റ് സംബന്ധിച്ച ആവശ്യം മുന്നോട്ടു വയ്ക്കുമ്പോൾ ചർച്ച ചെയ്ത് മുന്നണിക്ക് പൊതുവായി യുക്തവും വിജയസാദ്ധ്യതയ്ക്ക് അനുഗുണമായ നിലപാടും കൈക്കൊള്ളണം. ഘടകകക്ഷികൾ എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്കിടയിൽ തന്നെ സി.പി.എമ്മുമായും സി.പി.ഐയുമായും ഉഭയകക്ഷി ചർച്ചകളിൽ പങ്കാളികളാകും.